കണ്ണൂര്‍: സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭന്‍. തന്നെ കരുതിക്കൂട്ടി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ആളുകളാണ് സിപിഎമ്മിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്ന് സികെപി പത്മനാഭന്‍ പറഞ്ഞു. പാര്‍ട്ടിയിലെ വിഭാഗീയത അധികാരത്തെ ചൊല്ലിയായിരുന്നെന്നും അതിന്റെ ഇരയാണ് താനെന്നും സികെപി തുറന്നടിച്ചു. കണ്ണൂരിലെ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സികെപി പത്മനാഭന്റെ വിമര്‍ശനം.
ഇനി എത്രകാലം ജീവിക്കുമെന്നറിയില്ല, സത്യം ജനങ്ങള്‍ അറിയണം എന്ന് പറഞ്ഞാണ് സികെപി പത്മനാഭന്റെ തുറന്ന് പറച്ചില്‍. വിഭാഗീയതയുടെ പേരിലാണ് തന്റെ പേരില്‍ ആരോപണങ്ങള്‍ കെട്ടിവച്ചത്, താന്‍ ശരിയുടെ പക്ഷത്തായിരുന്നു. അതാണ് തനിക്കെതിരെ നടപടിയെടുക്കാന്‍ കാരണം. അന്ന് അതിന് പിറകില്‍ പ്രവര്‍ത്തിച്ചവരാണ് ഇന്ന് പാര്‍ട്ടിയെ ഈ അവസ്ഥയിലെത്തിച്ചത്. അതില്‍ താന്‍ സന്തോഷിക്കുന്നെന്നും സികെപി പറഞ്ഞു. ജനങ്ങള്‍ വെറുക്കുന്ന രീതിയില്‍ പാര്‍ട്ടി എത്തിയതില്‍ പരിശോധന വേണം, താഴെ തട്ടില്‍ അല്ല മുകളില്‍ തന്നെ തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ട് നിലവിലെ നേതൃത്വത്തിനും സികെപിയുടെ ഒളിയമ്പ്.
സാമ്പത്തിക പ്രയാസമുണ്ടായപ്പോള്‍ ഇഎംഎസും മന്ത്രിമാരും ശമ്പളം പകുതിയാക്കിയതുപോലുള്ള മാതൃകകളാണ് ജനം പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ സികെപി പിണറായി സര്‍ക്കാറിനേയും ലക്ഷ്യം വച്ചു. ടിപി ചന്ദ്രശേഖരന്‍ വധത്തിലൂടെ എന്താണോ ഇല്ലാതാക്കാന്‍ ശ്രമിച്ചത്, അത് വളര്‍ന്നു. ടിപിയെക്കാള്‍ വലിയ പ്രസ്ഥാനമായി ആര്‍എംപി മാറി. പി ശശിക്കെതിരായ പരാതി തള്ളിക്കളയാനാകുന്നതായിരുന്നില്ലെന്നും സികെപി പറഞ്ഞു. 12 വര്‍ഷത്തിന് ശേഷമാണ് സികെപി പത്മനാഭന്‍ പാര്‍ട്ടി നടപടിയെ കുറിച്ച് പ്രതികരിക്കുന്നത്.
77 1 minute read