BREAKINGKERALA
Trending

തിരുവോണ ദിനത്തില്‍ പേരാമ്പ്രയെ ഭീതിയിലാഴ്ത്തി കാട്ടാനയുടെ പരാക്രമം; മണിക്കൂറുകള്‍ക്കൊടുവില്‍ കാട്ടിലേക്ക് തുരത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മണിക്കൂറുകള്‍ക്കൊടുവില്‍ കാട്ടിലേക്ക് തുരത്തി. പേരുവെണ്ണാമുഴി വനത്തില്‍ നിന്ന് ഇറങ്ങിയ മോഴ, പേരാമ്പ്ര ബൈപ്പാസിനോട് ചേര്‍ന്ന കുന്നില്‍ മുകളില്‍ ഏറെ നേരം തമ്പടിച്ചു. ഉച്ചയ്ക്ക് 12:30 കുന്നിറങ്ങിയ ആന കാട്ടിലേക്ക് മടക്കയാത്ര തുടങ്ങിയെങ്കിലും ജനവാസ മേഖലയില്‍ ഭീതിപരത്തുന്നത് തുടര്‍ന്നു. വൈകിട്ട് 3.15ഓടെയാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്താനായത്.
ഉച്ചയ്ക്കുശേഷം പള്ളിത്താഴെ, കിഴക്കേ പേരാമ്പ്ര, എന്നിവിടങ്ങളിലൂടെ ഭീതിപരത്തി ഓടിയ കാട്ടാനയെ വനമേഖലയുടെ നാലു കിലോമീറ്റര്‍ അകലെ വരെ എത്തിച്ചെങ്കിലും ആശങ്ക ഒഴിഞ്ഞിരുന്നില്ല. വനമേഖലയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ ഏറെ നേരം ആന തമ്പടിച്ചു. ആനക്ക് തടസ്സങ്ങള്‍ ഇല്ലാതെ മടങ്ങാന്‍ വനംവകുപ്പ് വഴിയൊരുക്കി. കോഴിക്കോട് ഡിഎഫ്ഒ ആഷിക്കിന്റെ നേതൃത്വത്തില്‍ ആണ് ആനയെ തുരത്തിയത്. തിരുവോണ ദിനത്തില്‍ ആളുകളെ ഭീതിയിലാഴ്ത്തിയാണ് കാട്ടാനയുടെ പരാക്രമം. തുരത്തലിനൊടുവില്‍ പട്ടാണിപ്പാറ ഭാഗത്തേക്ക് നീങ്ങിയ കാട്ടാന പിണ്ഡപ്പാറപ്പുഴ കടന്നാണ് കാട്ടിലേക്ക് പോയത്. കാട്ടാന ഇനിയും തിരിച്ചുവരുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പൈതോത്ത് പള്ളിത്താഴെ ഭാഗത്താണ് ഇന്ന് പുലര്‍ച്ചെയോടെ നാട്ടുകാര്‍ ആനയെ കണ്ടത്. പ്രഭാത സവാരിക്കായി ഇറങ്ങിയവര്‍ അപ്രതീക്ഷിതമായി ആനയെ കാണുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ പന്തിരിക്കര ആവടുക്ക മദ്രസക്ക് സമീപവും ആനയെ കണ്ടതായി സൂചനയുണ്ട്. വീട്ടുമുറ്റത്ത് എത്തിയ ആന ജനങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് പോവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പ്രദേശത്തെ വാഴ കൃഷി നശിപ്പിച്ചിട്ടുണ്ട്. ഇതേ ആനയെ തന്നെയാണ് പൈതോത്ത് റോഡ് ഭാഗത്തും കണ്ടതെന്ന് കരുതുന്നു. പള്ളിത്താഴ ഭാഗത്ത് നിന്ന് ആന പള്ളിയിറക്കണ്ടി ഭാഗത്തേക്കാണ് നീങ്ങിയത്. പെരുവണ്ണാമൂഴിയില്‍ നിന്ന് എത്തിയ വനംവകുപ്പ് അധികൃതരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രാവിലെ മുതല്‍ കാട്ടാനയെ തുരത്താനുള്ള ശ്രമം നടത്തിയത്. കാട്ടാന ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.. ജനങ്ങളോട് വീടുവിട്ടറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിരുന്നു.

Related Articles

Back to top button