KERALABREAKINGNEWS
Trending

തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ; അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റേത് ആത്മഹത്യയെന്ന് പൊലീസ്

അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു.

അങ്കമാലിയിൽ വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ജൂൺ എട്ടിന് പുലർച്ചെയാണ് അങ്കമാലി അങ്കാടിക്കടവിലെ വീട്ടിൽ നാലുപേരെയും വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. ബിനീഷ് (45), ഭാര്യ അനുമോൾ മാത്യു (40), മക്കളായ ജൊവാന (എട്ട് ), ജസ്വിൻ (അഞ്ച് ) എന്നിവരാണ് മരിച്ചത്. താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലത്തെ മുറിയിൽ തീ പടരുന്നത് ആദ്യം കണ്ടത്. ഇവർ ബഹളം വച്ചതോടെ നാട്ടുകാരെത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. മുകളിലത്തെ മുറിയിൽ മാത്രം തീപിടിച്ചത് എങ്ങനെയെന്ന് പൊലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് എത്തുന്നതിനുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

Related Articles

Back to top button