തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ സംസ്കാരം ഇന്ന് മൂന്ന് മണിയോടെ നടക്കും. പോസ്റ്റ്‍മോർട്ടം കഴിഞ്ഞാൽ മൃതദേഹം വീട്ടിലെത്തിക്കും. ജോയിയുടെ പുരയിടത്തിലായിരിക്കും സംസ്കാരം. ജോയിയുടെ മൃതദേഹം ബന്ധുവും ഒപ്പം ജോലി ചെയ്തിരുന്നവരും സ്ഥിരീകരിച്ചുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ അറിയിച്ചു.
അതേസമയം ജോയിയെ രക്ഷിക്കാൻ കഴിയാത്തതിൽ വിങ്ങിപ്പൊട്ടി മേയർ ആര്യാ രാജേന്ദ്രൻ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സികെ ഹരീന്ദ്രൻ എംഎൽഎയോട് സംസാരിക്കുമ്പോഴായിരുന്നു മേയര്‍ കരഞ്ഞത്. ഇത്രയും കഷ്ടപ്പെട്ടിട്ടും ജീവൻ രക്ഷിക്കാനായില്ലെന്നും ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പറഞ്ഞ മേയര്‍ സാധ്യമായതെല്ലാം നഗരസഭയുടെ ഭാഗത്ത് നിന്ന് ചെയ്തെന്നും എംഎൽഎയോട് പറഞ്ഞു. നഗരസഭയുടെ അനാസ്ഥയാണ് ജോയിയുടെ മരണത്തിന് കാരണമെന്ന വിമർശനങ്ങൾക്കിടെയാണ് മേയർ വികാരാധീനയായത്. ഒപ്പമുണ്ടായിരുന്ന സികെ ഹരീന്ദ്രൻ എംഎൽഎ മേയറെ ആശ്വസിപ്പിച്ചു. നിർധന കുടുംബമാണ് ജോയിയുടേതെന്നും അദ്ദേഹത്തിൻ്റെ അമ്മയുടെ ജീവിതം സുരക്ഷിതമാക്കാൻ സഹായം വേണമെന്നും പറഞ്ഞ അദ്ദേഹം ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.