BREAKING NEWSKERALALATEST

തീരുമാനമായി; 21 മന്ത്രിമാര്‍, രണ്ടു മന്ത്രിസ്ഥാനം നാല് പാര്‍ട്ടികള്‍ പങ്കിടും

തിരുവനന്തപുരം: സര്‍ക്കാര്‍ രൂപവത്കരണത്തിനു മുന്നോടിയായി ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ സി.പി.എം. പൂര്‍ത്തിയാക്കി. 21 മന്ത്രിമാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപവത്കരിക്കാനാണു തീരുമാനം. എല്‍.ജെ.ഡി. ഒഴികെയുള്ള ഘടകകക്ഷികള്‍ക്കെല്ലാം സര്‍ക്കാരില്‍ പ്രാതിനിധ്യം നല്‍കും. ഒറ്റയംഗങ്ങളുള്ള നാലു പാര്‍ട്ടികള്‍ രണ്ടരവര്‍ഷം വീതം രണ്ടു മന്ത്രിസ്ഥാനം പങ്കിടും. ഇതാണ് നിലവിലെ ധാരണ. തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അന്തിമ തീരുമാനവും പ്രഖ്യാപനവുമുണ്ടാകും.
സി.പി.എം. മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറും, സി.പി.ഐ. നാലുമന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും എന്നാണു തീരുമാനം. കേരള കോണ്‍ഗ്രസിന് (എം) ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ്‌വിപ്പ് സ്ഥാനവും ലഭിക്കും. കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെന്ന ആവശ്യം ഞായറാഴ്ചത്തെ ചര്‍ച്ചയിലും ജോസ് കെ. മാണി ഉന്നയിച്ചു. അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
മന്ത്രിമാരുടെ എണ്ണം പരമാവധി സഖ്യയായ ഇരുപത്തിയൊന്നിലേക്ക് ഉയര്‍ത്തുന്നതിനാല്‍, ഒറ്റയംഗങ്ങളുള്ള ഘടകകക്ഷികളില്‍നിന്ന് രണ്ടു മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തും. ഇതാണ് നാലു പാര്‍ട്ടികള്‍ പങ്കിടുക. കേരള കോണ്‍ഗ്രസ് (ബി), കോണ്‍ഗ്രസ് (എസ്), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍. പാര്‍ട്ടികള്‍ക്കായിരിക്കും ഊഴംവെച്ച് അവസരം ലഭിക്കുക.
എല്‍.ജെ.ഡി.ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയേക്കില്ല. സര്‍ക്കാര്‍ രൂപവത്കരണത്തിനു ശേഷം അര്‍ഹമായ പദവി നല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഘടകകക്ഷിയല്ലെങ്കിലും എല്‍.ഡി.എഫിനൊപ്പമുള്ള ആര്‍.എസ്.പി.ക്കും (ലെനിനിസ്റ്റ്) മന്ത്രിസ്ഥാനമുണ്ടാകില്ല.
കേരള കോണ്‍ഗ്രസി (ബി) ല്‍നിന്ന് കെ.ബി. ഗണേഷ് കുമാറും ജനാധിപത്യ കേരള കോണ്‍ഗ്രസില്‍നിന്ന് ആന്റണി രാജുവും മന്ത്രിമാരാകും. കോണ്‍ഗ്രസ് (എസ്)ല്‍ നിന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഐ.എന്‍.എല്ലില്‍നിന്ന് അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായേക്കും. ആദ്യ ഊഴം ആര്‍ക്ക് എന്നതില്‍ അന്തിമ തീരുമാനം എല്‍.ഡി.എഫ്. യോഗത്തിലുണ്ടാകും.
ജനതാദള്‍ പാര്‍ട്ടികളെ ഒറ്റ യൂണിറ്റായി കണ്ടാണ് സി.പി.എം. മന്ത്രിസഭാ ചര്‍ച്ച പൂര്‍ത്തിയാക്കിയത്. അതിനാലാണ്, ജനതാദള്‍ (എസ്), എല്‍.ജെ.ഡി. പാര്‍ട്ടികള്‍ ലയിക്കണമെന്ന നിര്‍ദേശം ഉഭയകക്ഷി ചര്‍ച്ചയിലും സി.പി.എം. ഉയര്‍ത്തിയത്. അപ്പോള്‍ മൂന്ന് എം.എല്‍.എ.മാരാണ് അവര്‍ക്കുണ്ടാകുക. അതില്‍ രണ്ടുപേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നത് നിലവിലെ രീതിയില്‍ ഉചിതമാവില്ലെന്നാണ് നേതാക്കളുടെ വിശദീകരണം.
ജനതാദള്‍ പാര്‍ട്ടികള്‍ക്ക് ഒരുമന്ത്രിസ്ഥാനം എന്നാണ് ജെ.ഡി.എസ്. നേതാക്കളുമായുള്ള ചര്‍ച്ചയില്‍ കോടിയേരി പറഞ്ഞത്. എന്നാല്‍, മന്ത്രിസ്ഥാനം നല്‍കുന്നതിനെക്കുറിച്ച് എല്‍.ജെ.ഡി. നേതാക്കളോട് സി.പി.എം. അനുകൂലമായി പ്രതികരിച്ചിട്ടുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കനുസരിച്ച് എല്‍.ഡി.എഫില്‍ നാലാം സ്ഥാനത്തുള്ള പാര്‍ട്ടിയാണ് എല്‍.ജെ.ഡി. ആ പരിഗണന മന്ത്രിസഭാ രൂപവത്കരണത്തിലും നല്‍കണമെന്ന് എല്‍.ജെ.ഡി. നേതാക്കള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker