മേലുദ്യോഗസ്ഥന് വിവാഹ അവധി നിഷേധിച്ചതിനെ തുടര്‍ന്ന് വീഡിയോ കോളിലൂടെ വിവാഹം കഴിച്ച് ദമ്പതികളായി വധൂവരന്മാര്. വരന്റെ തുര്‍ക്കിക്കാരനായ മേലുദ്യോഗസ്ഥന് വിവാഹ ചടങ്ങിനായുള്ള അവധി നിരസിച്ചതിനെ തുടര്‍ന്നാണ് വീഡിയോ കോളിലൂടെ വിവാഹം നടത്താന്‍ വധൂവരന്മാര് നിര്‍ബന്ധിതരായത്. തുര്‍ക്കിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ വരനും ഹിമാചല്‍ പ്രദേശില്‍ താമസിക്കുന്ന വധുവും തമ്മിലാണ് മറ്റുവഴികള്‍ ഇല്ലാതെ വന്നതോടെ വീഡിയോ കോളിലൂടെ വിവാഹിതരായത്.
ബിലാസ്പൂര്‍ സ്വദേശിയായ വരന് അദ്നാന് മുഹമ്മദ് തന്റെ വിവാഹത്തിനായി ഇന്ത്യയിലേക്ക് പോകാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, അദ്നാന്റെ ടര്‍ക്കിഷ് കമ്പനി മേധാവി വിവാഹത്തിനായി അദ്ദേഹം നല്കിയ അപേക്ഷ നിരസിച്ചത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. ഒടുവില്‍, തന്റെ പേരക്കുട്ടിയുടെ വിവാഹത്തിന് സാക്ഷിയാകണമെന്ന വധുവിന്റെ രോഗിയായ മുത്തച്ഛന്റെ ആഗ്രഹം പരിഗണിച്ച് വിവാഹം മാറ്റിവയ്ക്കാതെ നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്താന്‍ ഇരു വീട്ടുകാരും തീരുമാനിച്ചു. ഒടുവില്‍ ഇരുകൂട്ടരും സാധ്യമാകുന്ന ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയും വീഡിയോ കോളിലൂടെ വിവാഹ ചടങ്ങ് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വരന് തുര്‍ക്കിയില്‍ തന്നെ നിന്നെങ്കിലും വരന്റെ കുടുംബം ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലേക്ക് ബറാത്തുമായി യാത്ര ചെയ്തു. മാണ്ഡിയില്‍ വച്ച് ഒരു ഖാസിയുടെ നേതൃത്വത്തില്‍ വീഡിയോ കോള്‍ വഴി വിവാഹ ചടങ്ങുകള്‍ നടത്തുകയായിരുന്നു എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതായാലും, വീഡിയോ കോളിലൂടെ വധൂവരന്മാര് വിവാഹം കഴിക്കുന്ന ആദ്യ സംഭവമല്ല ഇത്. ലോകമെങ്ങും കൊവിഡ് രോഗവ്യാപനം ഉണ്ടായതിന് പിന്നാലെ ഇത്തരം നിരവധി വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
2023 ജൂലൈയില്‍, ഹിമാചല്‍ പ്രദേശിലെ മറ്റൊരു ദമ്പതികള്‍, കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് വീഡിയോ കോളിലൂടെ വിവാഹം കഴിച്ചിരുന്നു. ഷിംലയിലെ കോട്ഗഢ് എന്ന ഗ്രാമത്തില്‍ നിന്ന് വധുവിന്റെ ജന്മനാടായ കുളുവിലെ ഭുന്തറിലേക്ക് ബരാത്ത് കൊണ്ടുവരാന്‍ വരന് ആശിഷ് സിംഘയും വധു ശിവാനി താക്കൂറും പദ്ധതിയിട്ടിരുന്നു. എന്നാല്‍, മോശം കാലാവസ്ഥ വീഡിയോ കോളിലൂടെ വിവാഹം കഴിക്കാന്‍ കുടുംബങ്ങളെ നിര്‍ബന്ധിതരാക്കുകയായിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്തും ഇത്തരത്തില്‍ നിരവധി വിവാഹങ്ങള്‍ ഓണ്‍ലൈനായി നടന്നിരുന്നു. സൂം വഴി പ്രതിജ്ഞകള്‍ കൈമാറിയ കേരളത്തിലെ ദമ്പതികളായ വിഘ്നേഷ് കെ എമ്മും അഞ്ജലി രഞ്ജിത്തും ഇത്തരത്തില്‍ വിവാഹം കഴിച്ച ദമ്പതികളാണ്.
41 1 minute read