BREAKING NEWSKERALA

തൃക്കാക്കരപ്പോര്… സഹതാപം വോട്ടാക്കാന്‍ ഉമ, പിടിച്ചെടുക്കാന്‍ ജോ ജോസഫ്, സ്വാധീനം കൂട്ടാന്‍ രാധാകൃഷ്ണന്‍

കൊച്ചി: തൃക്കാക്കരയില്‍ ചിത്രം തെളിഞ്ഞു. ഇനി പോരാട്ടത്തിന്റെ നാളുകള്‍. ജനമനസുകളില്‍ സ്ഥാനം ഉറപ്പിക്കാന്‍ നിറപുഞ്ചിരിയോടെ സ്ഥാനാര്‍ത്ഥികളെല്ലാം കളത്തിലിറങ്ങി. അന്തരിച്ച പിടി തോമസ് എംഎല്‍എയുടെ ഒഴിവ് നികത്താനായി നടത്തുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പത്‌നി ഉമ തോമസ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഹൃദ്രോഗ വിദഗ്ധന്‍ ജോ ജോസഫിനെയാണ് സിപിഎം ഇടതുമുന്നണി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിക്കുന്നത്. ബിജെപിയാണെങ്കില്‍ സംസ്ഥാന നേതാവും എറണാകുളത്തെ സജീവ സാന്നിധ്യവുമായ എ എന്‍ രാധാകൃഷ്ണനെയാണ് ഇറക്കിയിരിക്കുന്നത്.
വ്യക്തമായ യുഡിഎഫ് ചായ്‌വുള്ള മണ്ഡലത്തില്‍ മുന്‍ എംഎല്‍എയുടെ പത്‌നിയെ തന്നെ മത്സരരംഗത്തിറക്കുക വഴി സീറ്റ് കൈവിടാതിരിക്കാം എന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ചെറിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഏറ്റവുമാദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച മുന്നണിയും യുഡിഎഫ് ആയിരുന്നു. മഹാരാജാസ് കോളേജില്‍ കെഎസ് യു പ്രവര്‍ത്തക എന്ന നിലയിലാണ് രാഷ്ട്രീയരംഗത്തെത്തിയതെങ്കിലും ഭര്‍ത്താവ് സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പ്രവേശിച്ചപ്പോള്‍ ഉമ തോമസ് ഐടി കമ്പനി ജീവനക്കാരിയായി. നിലവില്‍ ആസ്റ്റര്‍ മെഡിസിറ്റി ഫിനാന്‍സ് വിഭാഗം അസിസ്റ്റന്റ് മാനേജരാണ് ഉമ തോമസ്. തൃക്കാക്കരയില്‍ പിടി തോമസ് തുടങ്ങി വെച്ച വികസനപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഉമ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പിടി തുടര്‍ന്ന അച്ചടക്കം തുടരുമെന്ന് വ്യക്തമാക്കിയ ഉമ പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മാധ്യമങ്ങളോടു നിശബ്ദത പാലിച്ചു.
അതേസമയം, ജില്ലയിലെ പ്രബലരായ സിപിഎം നേതാക്കളെയും പൊതുസമ്മതരായ സ്വതന്ത്രരെയും മാറ്റി നിര്‍ത്തിയുള്ള പരീക്ഷണത്തിനാണ് സിപിഎം മുതിര്‍ന്നത്. പാര്‍ട്ടി പ്രവര്‍ത്തകനും പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ജോ ജോസഫ് ആണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. അപ്രതീക്ഷിതമായി മുന്നണി നടത്തിയ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ ജോയുടെ ജോലിസ്ഥലമായ ലിസി ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനവും യുഡിഎഫ് വിവാദമാക്കിയിരുന്നു. എന്നാല്‍ ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന വാദം തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തീരുമാനിച്ചതോടെ വിവാദം അവസാനിച്ചു. അതേസമയം, ക്രിസ്ത്യന്‍ മതവിശ്വാസിയെന്ന പ്രതിച്ഛായയും ഡോക്ടറുടെ പൊതുജന സ്വീകാര്യതയും മുതല്‍ക്കൂട്ടാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. ഉറച്ച യുഡിഎഫ് മണ്ഡലമായ തൃക്കാക്കരയില്‍ നിന്ന് അധികമായി പിടിച്ചെടുക്കുന്ന ഓരോ വോട്ടും മുതല്‍ക്കൂട്ടാകുമന്നും വിജയം ഉറപ്പിക്കാനായാല്‍ സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാണിക്കാമെന്നുമാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.
അതേസമയം, മേഖലയില്‍ വര്‍ധിച്ചു വരുന്ന ബിജെപി അനുകൂല വോട്ടര്‍മാരിലാണ് സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്റെ പ്രതീക്ഷ. രണ്ടുവട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച അനുഭവ സമ്പത്ത് എഎന്‍ രാധാകൃഷ്ണനുണ്ട്. ക്രിസ്ത്യന്‍ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താനുള്ള ബിജെപി തന്ത്രത്തിന്റെ പരീക്ഷണക്കളരിയാകുമോ തൃക്കാക്കര എന്നതും കണ്ടറിയേണ്ടതുണ്ട്. നഗരസ്വഭാവമുള്ള മണ്ഡലത്തില്‍ മോദി അനുകൂല വോട്ടുകളും ബിജെപിയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രമാനുഗതമായി വോട്ടുവിഹിതം വര്‍ധിച്ചു വരുന്ന മണ്ഡലത്തില്‍ ഇക്കുറിയും ബിജെപിയുടെ പ്രതീക്ഷ മറ്റൊന്നല്ല.
എന്നാല്‍ ആം ആദ്മി പാര്‍ട്ടി ട്വന്റി 20 കൂട്ടായ്മയില്‍ ഇത്തവണ തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയുണ്ടാകില്ല. ഇരുപാര്‍ട്ടികളും ചേര്‍ന്ന് മുന്നണി രൂപീകരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത്തവണ തൃക്കാക്കരയില്‍ കളത്തില്‍ ഇറങ്ങേണ്ട എന്നാണ് ഇരുപാര്‍ട്ടികളുടെയും തീരുമാനം. ഉപതെരഞ്ഞെടുപ്പല്ല പൊതുതെരഞ്ഞെടുപ്പാണ് തങ്ങളുടെ ലക്ഷ്യമെന്നു എഎപി പ്രഖ്യാപിച്ചു കഴിഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker