രാഷ്ട്രീയ ചായ്‌വോ ജാതിയോ കണക്കിലെടുക്കില്ലെന്ന് ദൃഡനിശ്ചയം ചെയ്ത വോട്ടർമാരാണ് തൃശൂരിൽ ബിജെപിക്ക് വിജയം സമ്മാനിച്ചതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഈ വിജയം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാൻ പാർട്ടിക്ക് സാധിക്കണം.
തൃശൂരിലെ വോട്ടർമാർക്കിടയിലെ മനംമാറ്റം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഊർജം പകരുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി ശനിയാഴ്ച കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പാർട്ടി പ്രവർത്തകർക്ക് നന്ദിയറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തൃശൂരിലെ വോട്ടർമാരുടെ മനസ്സിലുണ്ടായ മാറ്റത്തെ ഞാൻ ആരാധിക്കുന്നു. ആ മനംമാറ്റം കേരളത്തിലെ വോട്ടർമാർക്കിടയിൽ വലിയ ഊർജം പകർന്നു. രാഷ്ട്രീയ പാർട്ടികളുടെയൊന്നും കയ്യിലൊതുങ്ങാതെ, പക്ഷപാതമില്ലാതെ ജനങ്ങൾ വിധിയെഴുതിയതാണ് ഇത്തരമൊരു വിജയം ബിജെപിക്ക് സമ്മാനിച്ചത്. ഇതു വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും എന്നാണ് ആത്മവിശ്വാസം.’ സുരേഷ് ഗോപി പറഞ്ഞു.