BREAKINGKERALA
Trending

തൃശ്ശൂരിലെ എടിഎം കവര്‍ച്ച: പ്രതികള്‍ തമിഴ്നാട്ടില്‍ പിടിയില്‍, പോലീസ് വെടിയുതിര്‍ത്തു, ഒരാള്‍ മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂരില്‍ എ.ടി.എം കവര്‍ച്ച നടത്തിയ സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍. നാമക്കലിന് സമീപമാണ് ആറംഗ സംഘം പോലീസിന്റെ വലയിലായത്. പ്രതികളില്‍ ഒരാള്‍ പോലീസിന്റെ വേടിയേറ്റുമരിച്ചു. കണ്ടെയ്‌നര്‍ ലോറിയില്‍ സഞ്ചരിക്കുന്നതിനെ തമിഴ്‌നാട് പോലീസ് പിടികൂടുകയായിരുന്നു.
മോഷണത്തിനായി ഉപയോഗിച്ച കാര്‍ കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ ഉണ്ടെന്നാണ് വിവരം. എസ്.കെ.ലോജിറ്റിക്‌സിന്റെതാണ് കണ്ടെയ്‌നര്‍. ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്.അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്‌നാട് പോലീസ് കണ്ടെയ്‌നര്‍ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കവര്‍ച്ചയില്‍, മൂന്ന് എ.ടി.എമ്മുകളില്‍നിന്ന് 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. മാപ്രാണത്തെ എസ്.ബി.ഐ എടിഎമ്മിലാണ് ആദ്യം മോഷണം നടന്നത്. 2.10-നായിരുന്നു കവര്‍ച്ച.
കഴിഞ്ഞദിവസം ഏകദേശം 35 ലക്ഷം രൂപയുടെ നോട്ടുകള്‍ ഈ എടിഎമ്മില്‍ അധികൃതര്‍ നിറച്ചിരുന്നു. ഇത് കവര്‍ച്ചാ സംഘം കണ്ടിരിക്കാം എന്നാണ് സംശയിക്കുന്നത്. എടിഎമ്മുകള്‍ക്കു മുന്‍പിലെ സി.സി.ടി.വി ക്യാമറകള്‍ക്കുമേല്‍ കറുപ്പ് നിറത്തിലുള്ള പെയിന്റടിക്കുകയും സെക്യൂരിറ്റി അലാറമടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു.
കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നത്. മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള എ.ടി.എമ്മുകളിലാണ് മോഷണം നടന്നത്.

Related Articles

Back to top button