BREAKINGKERALA

തൃശ്ശൂരിലെ ഹീവാന്‍സ് നിക്ഷേപ തട്ടിപ്പ്: കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസന്‍ പൊലീസ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസനെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ഹീവാന്‍സ് ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം. പ്രമുഖ വ്യവസായി പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദര്‍ മേനോന്‍ ഹീവാന്‍സ് ഫിനാന്‍സ് ചെയര്‍മാനാണ്. ഇദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നാലെയാണ് ശ്രീനിവാസനും പിടിയിലായത്.
കാലടിയില്‍ നിന്നാണ് തൃശൂര്‍ സിറ്റി ക്രൈം ഞ്ച്രാഞ്ച് ശ്രീനിവാസനെ പിടികൂടിയത്. അഞ്ചു വര്‍ഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിച്ചത്. ഇതില്‍ 17 കോടിയോളം രൂപ തിരികെ കൊടുത്തില്ലെന്ന പരാതിയിലാണ് പൊലീസ് നടപടി. സുന്ദര്‍ മേനോന്‍, സി.എസ് ശ്രീനിവാസന്‍ എന്നിവരുടെ രാഷ്ട്രീയ, സാമൂഹിക ഇടപെടലുകള്‍ വിശ്വാസത്തിലെടുത്താണ് ലക്ഷക്കണക്കിന് രൂപ ഹീവാന്‍സ് ഫിനാന്‍സിലും ഹീവാന്‍സ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്ന് നിക്ഷേപകര്‍ പറയുന്നു. എന്നാല്‍ പിന്നീട് പലിശയോ മുതലോ നിക്ഷേപകര്‍ക്ക് നല്‍കാന്‍ കമ്പനി തയാറായില്ല. മാരക രോഗം ബാധിച്ച നിക്ഷേപകര്‍ക്ക് പോലും തുക തിരിച്ചു നല്‍കാന്‍ തയാറായില്ലെന്നാണ് പരാതി.
പണം കിട്ടാത്ത നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ജമ്മു ആസ്ഥാനമാക്കിയാണ് കേരളത്തില്‍ ഇവര്‍ സ്ഥാപനം തുടങ്ങിയത്. എന്നാല്‍ ഈ സ്ഥാപനത്തിന് ജമ്മുവില്‍ ഓഫീസില്ലെന്ന് പിന്നീട് വ്യക്തമായി. കേരളത്തില്‍ 4 ബ്രാഞ്ചുകളാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. 300 ഓളം നിക്ഷേപകര്‍ പല ഘട്ടങ്ങളിലായി സ്ഥാപനത്തിനെതിരെ പരാതി നല്‍കിയിരുന്നു. ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ സ്ഥാപനം പൂട്ടി. ബഡ്‌സ് ആക്ട് പ്രകാരം സ്ഥാപനം ജപ്തി ചെയ്യാനും ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് 18 പേരുടെ പരാതിയില്‍ സുന്ദര്‍ മേനോനെ സിറ്റി കമ്മീഷണര്‍ ഓഫീസില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്.

Related Articles

Back to top button