BREAKINGKERALA
Trending

തൃശ്ശൂര്‍പ്പൂരം കലക്കല്‍: എഡിജിപിയുടെ ഭാഗത്തുനിന്ന് വീഴ്ച; സെന്‍ട്രല്‍ വിജിലന്‍സ് മാന്വല്‍പ്രകാരം സസ്‌പെന്‍ഷന്‍ സാധ്യത

കൊച്ചി: സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്റെ വിജിലന്‍സ് മാന്വല്‍ പ്രകാരം എ.ഡി.ജി.പി. അജിത്കുമാറിന് സസ്‌പെന്‍ഷന്‍ ലഭിക്കാന്‍ സാധ്യത. ജനങ്ങള്‍ക്കുമുന്നില്‍ സര്‍ക്കാരിന് ദോഷമുണ്ടാക്കുംവിധം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ അന്വേഷണം നടക്കുമ്പോള്‍ത്തന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് മാന്വല്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്.
പ്രഥമദൃഷ്ട്യാ ഉദ്യോഗസ്ഥന്റെ വീഴ്ച ബോധ്യപ്പെടുന്നുണ്ടെങ്കില്‍ അന്വേഷണം പൂര്‍ത്തിയാകുംമുന്‍പേ സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് പോകാമെന്നും വിജിലന്‍സ് മാന്വല്‍ ചൂണ്ടിക്കാട്ടുന്നു. പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെടുന്നുണ്ടെങ്കില്‍ അന്വേഷണം നടക്കുമ്പോള്‍ത്തന്നെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാമെന്നും വിശദീകരിക്കുന്നു.
തൃശ്ശൂര്‍പ്പൂരം കലക്കല്‍ പ്രശ്‌നത്തില്‍ എ.ഡി.ജി.പി.യുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ഡി.ജി.പി.റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നിട്ടും നടപടിയില്ലാത്തതിന് കാരണമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് എന്താണ് വീഴ്ചയെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ്. എ.ഡി.ജി.പി. തൃശ്ശൂരിലുണ്ടായിട്ടും സംഭവസ്ഥലത്ത് എത്തിയില്ലെന്ന് ഡി.ജി.പി. ചൂണ്ടിക്കാണിച്ചത് പരിശോധനയുടെ ഭാഗമായിട്ടല്ലെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടംവരുത്തുന്ന ഗുരുതര വീഴ്ചയാണെങ്കില്‍ സസ്‌പെന്‍ഷന്‍ നപടി സ്വീകരിക്കാം. ഉത്തരവില്‍ കാരണംപോലും ചൂണ്ടിക്കാട്ടേണ്ടതില്ല. ഇക്കാര്യം മൂന്നു മാസത്തിനകം ഉദ്യോഗസ്ഥനെ അറിയിച്ചാല്‍ മതിയെന്നും മാന്വലില്‍ പറയുന്നു.

Related Articles

Back to top button