തൃശ്ശൂര്‍: പൂരത്തിന്റെ നിറപ്പകിട്ടുകള്‍ അണിയറയില്‍ തയ്യാര്‍. ചമയപ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടും ഞായറാഴ്ച. ചൊവ്വാഴ്ചയാണ് പൂരം. സാമ്പിള്‍ വെടിക്കെട്ട് ഞായറാഴ്ച വൈകീട്ട് ഏഴിന് ആരംഭിക്കും. പാറമേക്കാവാണ് ഇത്തവണ വെടിക്കെട്ടിന് ആദ്യം തീകൊളുത്തുക. ഏഴരയോടെ തിരുവമ്പാടിയും തിരികൊളുത്തും.
ഞായറാഴ്ച രാവിലെത്തന്നെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളില്‍ ചമയപ്രദര്‍ശനം ആരംഭിക്കും. പാറമേക്കാവിന്റെ ചമയപ്രദര്‍ശനം രാവിലെ 10ന് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. പാറമേക്കാവ് അഗ്രശാലയിലാണ് പ്രദര്‍ശനം. തിരുവമ്പാടിയുടെ പ്രദര്‍ശനം കൗസ്തുഭം ഹാളില്‍ 10ന് മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച ഉച്ചയോടെ ചമയപ്രദര്‍ശനം കാണാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എത്തും.
പൂരത്തിന് നാന്ദികുറിച്ചുകൊണ്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനട തിങ്കളാഴ്ച തുറക്കും. പതിനൊന്നരയോടെ നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ പുറത്തേറി എത്തിയാണ് തെക്കേഗോപുരനട തുറന്നിടുക. പൂരദിവസമായ ചൊവ്വാഴ്ച രാവിലെ മുതല്‍ ഘടകപൂരങ്ങള്‍ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം അരങ്ങേറും. ബുധനാഴ്ച രാവിലെയാണ് പകല്‍പ്പൂരം. തുടര്‍ന്ന് നടക്കുന്ന ഉപചാരം ചൊല്ലലോടെ ഇത്തവണത്തെ പൂരത്തിന് അവസാനമാകും.