LOCAL NEWSTHIRICHUR

തൃശ്ശൂര്‍ ശോഭാ സിറ്റി നിര്‍മ്മിച്ചത് വ്യാജരേഖകള്‍ നിര്‍മ്മിച്ച്, പൊളിച്ചുനീക്കണമെന്ന് ഒറ്റയാള്‍ പോരാട്ടം നടത്തിയ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ വിദ്യാ സംഗീത്

വ്യാജരേഖയുണ്ടാക്കി നിലംനികത്തി നിര്‍മ്മിച്ച തൃശ്ശൂരിലെ ശോഭാ സിറ്റി പൊളിച്ചുനീക്കണമെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ വിദ്യാ സംഗീത്.പുഴയ്ക്കല്‍ പാടത്ത് നെല്‍ വയലും തണ്ണീര്‍ത്തടവും നികത്തി പാര്‍പ്പിടങ്ങളും വാണിജ്യസമുച്ചയങ്ങളും ഹെലിപ്പാഡും നിര്‍മ്മിച്ചിട്ടുള്ളത് സര്‍ക്കാരിന്റേതെന്ന വ്യാജേന അനധികൃതരേഖകള്‍ നിര്‍മ്മിച്ചാണെന്ന് വിദ്യ സംഗീത് പറഞ്ഞു. 19 ഏക്കറോളം സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 2016-ല്‍ വന്ന ഉത്തരവിനെതിരെ ശോഭ സിറ്റി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ കൂടെ തെളിവായി ഹാജരാക്കിയ താല്‍ക്കാലിക ഉത്തരവുകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ മധ്യമേഖലാ റവന്യു വിജിലന്‍സ് ഡെപ്യൂട്ടി കളക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതനുസരിച്ച് കുറ്റൂര്‍ വില്ലേജ് ഓഫീസ്, തൃശൂര്‍ താലൂക്ക് ഓഫീസ്, തൃശൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്നുള്ള റിപ്പോര്‍ട്ട് തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് സമര്‍പ്പിക്കപ്പെട്ടിരുന്നു. വ്യാജ ഉത്തരവുമായി ബന്ധപ്പെട്ട രേഖകള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്റ്റര്‍ക്കു ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് ക്രിമിനല്‍ നടപടികളനുസരിച്ച് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പാലിക്കപ്പെട്ടില്ല.
സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യാജമായി നിര്‍മ്മിച്ചവരെ ശിക്ഷിക്കണമെന്ന് കാണിച്ച് അഡ്വ.വിദ്യ സംഗീത് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഈയിടെ പ്രസിദ്ധീകരിച്ച കോലഴി ഗ്രാമപഞ്ചായത്തിലെ നെല്‍ വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും അന്തിമ ഡാറ്റാബാങ്കില്‍ ശോഭ സിറ്റിയുടെ 79 ഏക്കര്‍ നിലവും ഉള്‍പ്പെടുന്നു. 2008-ലെ തണ്ണീര്‍ത്തടസംരക്ഷണനിയമപരിധിയില്‍ വരുന്ന ഈ സ്ഥലവും ശോഭ സിറ്റി പൊളിച്ച് കളഞ്ഞു പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും ആ സ്ഥലത്ത് കൃഷി ചെയ്യാന്‍ ശോഭ ഗ്രൂപ്പിന് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയ അഡ്വ.വിദ്യ സംഗീത് ഇതേ പുഴയ്ക്കല്‍ പാടത്ത് 5 സെന്റ് സ്ഥലം നികത്തി വീട് വെക്കാന്‍ ശ്രമിച്ച ഒരു സ്ത്രീയുടെ വിഷയത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥലപരിശോധന നടത്തി സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഉത്തരവുണ്ടായത് ചൂണ്ടിക്കാട്ടുന്നു. നിയമത്തിനുമുമ്പില്‍ എല്ലാ പൗരന്മാരും സമന്മാരായിരിക്കണമെന്നും വേണ്ട നടപടികള്‍ ഉണ്ടാവാത്തപക്ഷം സര്‍ക്കാരിനും ശോഭ സിറ്റിക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും അഡ്വ.വിദ്യ സംഗീത് വ്യക്തമാക്കി.

അഡ്വ വിദ്യാ സംഗീതിന്റെ പോസ്്റ്റിന്റെ പൂര്‍ണ്ണരൂപം

അവമതിപ്പോടെ എനിക്കെതിരെ കമന്റ് ചെയ്യുന്ന സിപിഎം നേതാവ് ബിനോയ് സി ഡി യെ പോലുള്ള കുറച്ചുപേരെങ്കിലും അറിയണം ഈ കേസ് മുന്നോട്ട് കൊണ്ടുപോയതിന് ഞാന്‍ കൊടുക്കേണ്ടിവന്ന വില. അതിനു പിന്നില്‍ ആരും കാണാത്ത ഒരുപാട് കണ്ണീരുണ്ട്, സംഘര്‍ഷങ്ങള്‍ ഉണ്ട്, എനിക്ക് നേരെ ആക്രമണം വന്നിട്ടുണ്ട്, ഉറക്കമില്ലാത്ത രാത്രികള്‍ ഉണ്ടായിട്ടുണ്ട് കോടതികളുടെ വരാന്തകളില്‍ പച്ചവെള്ളം കുടിക്കാതെ തളര്‍ന്നിരുന്നിട്ടുണ്ട്. എനിക്ക് നോട്ടീസ് പോലും തരാതെ പത്ര-ദൃശ്യ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുന്നത് തടയാന്‍ അശോക് ഭൂഷന്‍ സര്‍ നാട്ടില്‍ പോയ തക്കത്തിന് കേസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ജഡ്ജിന്റെ ബെഞ്ചില്‍ വരുത്തി കേസ് കേട്ടിട്ടുണ്ട്. ഹര്‍ജിക്കാരിയായ എന്നെ കേള്‍ക്കുകപോലും ചെയ്യാതെ ശോഭ മേനോന്റെ ഇന്ററിം ഹര്‍ജിയിലെ വരികള്‍ വായിച്ചു എനിക്കെതിരെ ഡിക്ടഷന്‍ കൊടുക്കുന്ന ഒരു ജഡ്ജിന്റെ സാഡിസ്റ്റ് മനോഭാവം കണ്ട് കോടതിയില്‍ ഉരുകി നിന്നിട്ടുണ്ട് അതൊക്കെയായിരുന്നു ശോഭ മേനോന്റെ പവര്‍.

എന്നെ കേള്‍ക്കാതെ എനിക്കെതിരെ കോടതി മീഡിയ ബാന്‍ പുറപ്പെടുവിച്ചാല്‍ ഞാന്‍ കോടതിയില്‍ സത്യാഗ്രഹം ഇരിക്കും, പൊതുജനം കാണട്ടെ; വീട്ടിലേക്കല്ല ജയിലിലേക്കാണ് ഞാന്‍ പോകുന്നത് എന്നു കോടതിയുടെ തൊട്ടുമുന്നില്‍ ചെന്നു പറഞ്ഞു. അത് കോടതി ആണെന്നോ അങ്ങനെ പറയാന്‍ പടില്ലെന്നോ അപ്പോള്‍ ചിന്തിക്കാന്‍ വയ്യ. അങ്ങനെ അവസാനിച്ചുകൊണ്ട് ജീവിക്കാനും വയ്യ. കൊടുത്തു കൊണ്ടിരുന്ന ഡിക്ടഷന്‍ അതോടെ നിന്നു കേസ് ഫയല്‍ ജഡ്ജി താഴോട്ട് ഇട്ടു. ഹൈക്കോടതിയിലെ എന്റെ സീനിയര്‍ ഇപ്പോഴത്തെ സ്റ്റേറ്റ് അറ്റോര്‍ണിയുടെ ഭാര്യ എന്നെ പിടിച്ചുവലിച്ചു കോടതിക്ക് പുറത്തെത്തിച്ചു. നിനക്ക് ഭ്രാന്തായോ? കോടതി എന്താണെന്ന് വെച്ചാല്‍ ചെയ്യട്ടെ, നമുക്ക് അപ്പീലില്‍ ചലഞ്ച് ചെയ്യലോ എന്നു പറഞ്ഞിട്ട് കോടതി വരാന്തയില്‍ വെച്ചു ഞാന്‍ നിസ്സഹായയായി പൊട്ടിക്കരഞ്ഞു.

ആരൊക്കെയാണ് എനിക്കെതിരെ വരുന്നത്? എങ്ങനെയാണ് ഞാന്‍ ഇത്‌പോലെ ഒറ്റപ്പെട്ട് പോകുന്നത് ഞാന്‍ പ്രതിയായ ഒരു കേസിലല്ല ഞാന്‍ കോടതി കയറിയത്. ജനപ്രതിനിധി എന്ന നിലയില്‍ എന്നെ ജയിപ്പിച്ച ജനത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതാണ് അവരുടെ മണ്ണും വെള്ളവും വീടും സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച എന്നെ ആരും സഹായിക്കില്ലെന്നു അന്ന് ബോധ്യമായി അതോടെ തീരുമാനിച്ചു. എന്തു വന്നാലും ഇനി കരയില്ലെന്ന്.

മാധ്യമസ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്ന ഒന്നാം നമ്പര്‍ ചനലുകളോ പത്രങ്ങളോ ശോഭ സിറ്റി അനധികൃതമായി വയല്‍ നികത്തിയ വാര്‍ത്ത കൊടുത്തില്ല. പകരം കേസ് ഡിസ്പോസ് ചെയ്തപ്പോള്‍ ജില്ലാ കളക്ടര്‍ ആയ ജയക്കെതിരെ ഞാന്‍ ആരോപണം ഉന്നയിച്ചതിന് പൊതുതാല്‍പര്യഹര്‍ജി ഫയല്‍ ചെയ്തപ്പോള്‍ കൂടെ ഒരു സ്റ്റോപ് മെമോ വെച്ചില്ല എന്ന കാരണം പറഞ്ഞു പൊതുപ്രവര്‍ത്തകര്‍ പൊതുതാല്‍പര്യ ഹര്‍ജികള്‍ കൊടുക്കുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോഴും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന വിമര്‍ശനത്തോടെ കേസ് ഡിസ്പോസ് ചെയ്ത ജസ്റ്റിസ് ഷഫീക്, അങ്ങറിഞ്ഞോ ശോഭ മേനോന്‍ വയല്‍ നികത്തിയത് അങ്ങേര് തന്നെ സ്വന്തമായി ഉണ്ടാക്കിയ വ്യാജരേഖ വെച്ചാണെന്ന്? അന്ന് വൈകീട്ട് അഡ്വ. വിദ്യാ സംഗീതിനു ഹൈക്കോടതിയുടെ വിമര്‍ശനം എന്നു പറഞ്ഞു ആള്‍ എഡിഷന്‍ വാര്‍ത്ത കൊടുക്കാന്‍ വ്യഗ്രതപ്പെട്ട മനോരമയും മാതൃഭൂമിയും എന്തേ ഇപ്പൊ ശോഭ മേനോന്‍ വ്യാജരേഖ ചമച്ചിട്ടാണ് പുഴക്കല്‍ പാടം നികത്തിയത് എന്ന വാര്‍ത്ത കൊടുക്കാതിരുന്നത് ? അപ്പോള്‍ മാധ്യമസ്വാതന്ത്ര്യം ഒന്നുമല്ല നിങ്ങളുടെ വിഷയം, കോര്‍പറേറ്റ് പ്രീണനം ആണ്. ഇന്നലെ പത്രസമ്മേളനം നടത്തിയതും നിങ്ങള്‍ ഒന്നാം നിര മാധ്യമങ്ങള്‍ ആ വാര്‍ത്ത കൊടുക്കും എന്നു കരുതിയിട്ടൊന്നുമല്ല. അതൊരു കടമ നാളെ നിങ്ങള്‍ പറയില്ലല്ലോ ഞങ്ങള്‍ ആ വാര്‍ത്ത അറിഞ്ഞില്ലല്ലോ എന്ന്. പോരാട്ടം ഒറ്റക്കായിരുന്നെങ്കിലും മുന്നോട്ടുള്ള ഊര്‍ജ്ജം നല്ല വാക്കുകള്‍ പറയുന്ന ഞാന്‍ അറിയുന്നവരും അറിയാത്തവരുമായ സമൂഹമാധ്യമങ്ങളിലെ കുറെ നല്ല കൂട്ടുകാര്‍ മാത്രമായിരുന്നു. ഇപ്പോള്‍ ശോഭ സിറ്റി സമുച്ചയം അടക്കമുള്ള മൊത്തം നിലം നികത്തു ഭൂമി സര്‍ക്കാരിന്റെ അന്തിമ ഡാറ്റ ബാങ്കില്‍ വന്നതോടെ എട്ടു വര്‍ഷത്തെ പോരാട്ടം തീരുന്നു. സര്‍ക്കാര്‍ 2008 ഇല്‍ കൊണ്ടു വന്ന നിയമം, ഇനി അതേ നിയമം നടപ്പിലാക്കേണ്ടതും സര്‍ക്കാര്‍ തന്നെ. നിയമം നടപ്പാക്കാതെ ഇനി ശോഭ മേനോനെ സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവശേഷിക്കുന്ന മാര്‍ഗ്ഗം തണ്ണീര്‍ത്തടനിയമം റദ്ദ് ചെയ്യുക എന്നതാണ്. അങ്ങനെയും മേനോനെ സംരക്ഷിക്കാം.

Related Articles

Back to top button