BREAKINGKERALA

‘തൃശ്ശൂര്‍ പൂരം കലക്കിയത് ആര്‍എസ്എസ്’, പിന്നില്‍ ഗൂഢാലോചന; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും എം വി ഗോവിന്ദന്‍

തിരുവനന്തപുരം : തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് ആര്‍ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ സമ്മതിച്ചു. എഡിജിപി എംആര്‍ അജിത് കുമാര്‍ -ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കില്‍ കര്‍ക്കശമായ നടപടി ഉണ്ടാകും.
തൃശ്ശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എല്‍ഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. എന്നാല്‍ തൃശ്‌സൂരില്‍ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് വിജയത്തിനുളള പ്രധാന കാരണം. 86,000 വോട്ട് കുറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ചില വോട്ടുകള്‍ നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ കൃസ്ത്യന്‍ വോട്ടാണ് നഷ്ടമായത്. അത് അവര്‍ തന്നെ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വിടുന്നില്ലെന്നേയുളളു.
പാര്‍ട്ടിയും സര്‍ക്കാരും നല്ല നിലയില്‍ മുന്നോട്ട് പോകുന്നതിനിടെ അക്രമണങ്ങള്‍ നേതൃത്വത്തിനെതിരെ ഉണ്ടാകുന്നു. അതിനായുളള പ്രചാരണത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍. ഇതിന് വലതുപക്ഷ മാധ്യമങ്ങളും സഹായിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനമാണുളളത്. ഇതില്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ആര്‍ എസ് എസ് ബന്ധമെന്ന പ്രചരണം ഇതിന്റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിന് പിആര്‍ ഏജന്‍സി ഉണ്ടെന്ന് പ്രചാരവേല നടത്തുന്നു. സര്‍ക്കാരിന് പി ആര്‍ സംവിധാനം ഇല്ല. മുഖ്യമന്ത്രി അത് വിശദീകരിച്ചിട്ടും സംശയമുണ്ടാക്കുന്ന പ്രചാരവേല മാധ്യമങ്ങള്‍ നടത്തുന്നുവെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

Related Articles

Back to top button