തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കില്ല. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുക. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വിവാദം ഉടലെടുത്ത പശ്ചാത്തലത്തിൽ ആണ് തീരുമാനം. നാളെ കേസ് പരിഗണിക്കുമ്പോൾ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടാൻ ഇരിക്കുകയാണ്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ട് നേരത്തെ ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു. അതേസമയം, ആരോപണക്കൊടുങ്കാറ്റുകൾ പലതും ആഞ്ഞുവീശിയിട്ടും എഡിജിപിയെ ഇതുവരെ മുഖ്യമന്ത്രി കൈവിട്ടിട്ടില്ല. ഈയാഴ്ച എന്തിരുന്നാലും നിർണ്ണായകമാണ്. മൂന്നിന് ക്യാബിനറ്റ് യോഗമുണ്ട്. നാലുമുതൽ നിയമസഭാ സമ്മേളനം നടക്കും. അജിത് കുമാറിനെ എഡിജിപി സ്ഥാനത്തിരുത്തി സഭയിലേക്ക് പോകാനില്ലെന്ന നിലയിലേക്ക് സിപിഐഎം എത്തിക്കഴിഞ്ഞു. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നായിരുന്നു ഇതുവരെയുള്ള മുഖ്യമന്ത്രിയുടെ വാദം. അൻവറിൻറെ പരാതികളിൽ ഡിജിപി തല അന്വേഷണത്തിൻറെ കാലാവധി മൂന്നിനാണ് തീരുന്നത്.