തൃശ്ശൂർ മുളങ്കുന്നത്തുക്കാവിലെ സ്പെയർപാർട്സ് ഗോഡൗണില്‍ വൻ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശി നിബിനാണ് മരിച്ചത്. ഇയാള്‍ വെല്‍ഡിങ് തൊഴിലാളിയാണ്. ചൊവ്വാഴ്ച രാത്രി ഏഴരയോടുകൂടിയാണ് തീപ്പിടത്തമുണ്ടായത്.
ഉടൻ തന്നെ അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വടക്കാഞ്ചേരി, പുതുക്കാട്, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്ന് എട്ട് യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. നിലവില്‍ തീ നിയന്ത്രണ വിധേയമാണ്.
തീപ്പിടിത്തമുണ്ടാകുമ്ബോള്‍ മൂന്ന് പേരാണ് ഗോഡൗണിലുണ്ടായത്. രണ്ട് പേർ പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെട്ടു. എന്നാല്‍ വെള്ളമെടുക്കാനായി മറ്റൊരു മുറിയില്‍ പോയതിനാല്‍ തീപ്പിടിത്തം നിബിൻ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ ഗോഡൗണ്‍ കത്തിനശിച്ചു.