കൊല്ലം: അലക്ഷ്യമായി ഓടിച്ച വാഹനമിടിച്ച് കൊല്ലം തെന്മലയില് മൂന്ന് പെണ്‍കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ പിടിയിലായി. തമിഴ്നാട് കന്യാകുമാരി ചുങ്കന്‍ കടൈയില്‍ കുളലാര്‍ തെരുവില്‍ വെങ്കിടേഷ് (40)ആണ് അറസ്റ്റിലായത്. തെന്മല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് മൂന്നേകാലോടെയാണ് അപകടം നടന്നത്. തെന്മല ഉറുകുന്ന് നേതാജി ശ്യാമ സദനത്തില്‍ സന്തോഷ് – സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി (13), ശ്രുതി (11), അയല്‍വാസിയായ കുഞ്ഞുമോന്- സുജ ദമ്പതികളുടെ മകള്‍ കെസിയ (17) എന്നിവരാണ് മരിച്ചത്.
മൂന്നുപേരും തൊട്ടടുത്ത ചായക്കടയിലേക്ക് പോകുന്ന വഴി ഉറുകുന്ന് ഗുരു മന്ദിരത്തിന് സമീപം വച്ചാണ് അപകടം നടന്നത്. പുനലൂരില്‍ നിന്നും തമിഴ് നാട്ടിലേക്ക് പോകുകയായിരുന്ന വാഹനം മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് പെണ്‍കുട്ടികള്‍ക്ക് മേല്‍ പാഞ്ഞു കയറുകയായിരുന്നു. മൂന്നു പേരെയും ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.