തെരഞ്ഞെടുപ്പ് ജോലിക്കിടെ എംഎൽഎയും സ്ഥാനാർത്ഥികളും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രിസൈഡിംഗ് ഓഫീസറെ വിളിച്ചു വരുത്തി മൊഴിയെടുക്കും. മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടറുടേതാണ് നടപടി.
പ്രിസൈഡിംഗ് ഓഫീസർക്ക് കൃത്യനിർവഹണത്തിൽ വീഴ്ച പറ്റിയതായാണ് പ്രാഥമിക വിലയിരുത്തൽ. കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായി തിരച്ചറിയിൽ കാർഡ് പരിശോധിക്കുന്നതിനിടെ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനും ഇടതു സ്ഥാനാർത്ഥികളും ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രിസൈഡിങ് ഓഫീസർ ഡോ. കെ.എം ശ്രീകുമാർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു. പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിസൈഡിംഗ് ഓഫീസർ കെ.എം ശ്രീകുമാറിനെ വിളിച്ചു വരുത്തി മൊഴിയെടുക്കാൻ തീരുമാനിച്ചത്. പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റർ പരിധിയിൽ പ്രശ്നങ്ങളുണ്ടായാൽ നടപടിയെടുക്കാനുള്ള അധികാരം പ്രിസൈഡിംഗ് ഓഫീസർക്കുണ്ട്. പരാതിയിൽ ഉന്നയിച്ച സാഹചര്യം ഉണ്ടായ ഉടൻ സബ് കളക്ടറേയോ ജില്ലാ കളക്ടറെയോ വിവരം അറിയിച്ച് തുടർ നടപടികൾ സ്വീകരിച്ചില്ല.
കള്ള വോട്ട് നടന്നെങ്കിൽ തെരഞ്ഞെടുപ്പ് നിർത്തിവെക്കാത്തത് തെറ്റാണെന്നും ഉദ്യോഗസ്ഥന് കൃത്യനിർവഹണത്തിൽ വീഴ്ച പറ്റിയതായുമാണ് പ്രാഥമിക വിലയിരുത്തൽ. കാർഷിക സർവകലാശാല അധ്യാപകനും, ഇടതു അധ്യാപക സംഘടനാ നേതാവുമാണ് സംഭവത്തിലെ പരാതിക്കാാരനായ ഡോ.കെ.എം ശ്രീകുമാർ.