എല്ലാ സ്നേഹബന്ധങ്ങളും വിവാഹത്തില്‍ ചെന്നവസാനിക്കില്ല. ചിലത് തല്ലിപ്പിരിയും. ചിലര്‍ പിരിയുന്നത് പരസ്പര ബഹുമാനത്തോടെയാവും. എന്നാല്‍ മറ്റു ചിലര്‍ പിരിയുന്നത് പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചാവും. ഇക്കൂട്ടര്‍ പിന്നീട് കണ്ടാല്‍ കീരിയെയും പാമ്പിനെയും പോലെയാണ് പെരുമാറുക. എവിടെയെങ്കിലും ഒരാള്‍ക്ക് ‘പണി കൊടുക്കാന്‍’ അവസരമുണ്ടായാല്‍ മറ്റേ വ്യക്തി തീര്‍ച്ചയായും ഈ അവസരം ഉപയോഗപ്പെടുത്തും.
ഇത്തരത്തില്‍ ഒരു അവസരം കിട്ടിയ ചൈനയില്‍ ഒരു യുവതി ചെയ്തതെന്തെന്നോ? മുന്‍ കാമുകന്റെ കാര്‍ ഡ്രൈവ് ചെയ്ത് 49 ട്രാഫിക്ക് ലൈറ്റ് ലംഘനങ്ങള്‍ നടത്തി. കിഴക്കന്‍ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഷാക്സിംഗില് നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. യുവതിയെ സഹായിച്ച മറ്റൊരു പുരുഷനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ട്രാഫിക് ലൈറ്റ് നോക്കാതെ വാഹനം മുന്നോട്ടെടുത്തല് നിയമ ലംഘനത്തിന് കനത്ത പിഴയാണ് ചൈനയില്‍. വെറും രണ്ട് ദിവസത്തിനുള്ളില്‍ 49 തവണയാണ് യുവതി മുന്‍കാമുകന്റെ കാര്‍ ട്രാഫിക് ലൈറ്റ് തെറ്റിച്ചു ഓടിച്ചത്. ഒരു തവണ ഓവര്‍സ്പീഡിനും കാര്‍ പോലീസിന്റെ കാമറ കണ്ണുകളില്‍ പതിഞ്ഞു. ഇത്രയും നിയമ ലംഘനങ്ങള്‍ രണ്ട് ദിവസംകൊണ്ട് നടത്തിയപ്പോള്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചെന്‍ എന്ന വിളിപ്പേരുള്ള ഒരാള്‍ കാര്‍ ഉടമയായ ക്വിയാനില് നിന്ന് വാടകയ്ക്ക് എടുത്തതായി കണ്ടെത്തി. തന്റെ പരിചയക്കാരനായ സുവിന് വേണ്ടിയാണ് താന്‍ ക്വിയാനില് നിന്നും കാര്‍ വാങ്ങിയത് (വാടകയ്ക്ക്) എന്നാണ് ചെന്‍ പോലീസിനോട് പറഞ്ഞത്.
ഇതേ തുടര്‍ന്ന് സുവുമായി ബന്ധപ്പെട്ട പൊലീസിന് മറ്റൊരു കഥയാണ് കേള്‍ക്കേണ്ടി വന്നത്. സു അടുത്തിടെ പരിചയപ്പെട്ട ലോവ് എന്ന പെണ്‍കുട്ടി തന്റെ കൂടെ പുറത്തു പോവണമെങ്കില്‍ ഒരാളുടെ കാറുമായി അതിവേഗം ട്രാഫിക് നോക്കാതെ സഞ്ചരിക്കണം എന്ന് പറഞ്ഞുവത്രേ. ക്വിയാന് എന്ന് പേരുള്ള വ്യക്തിയുടെ കാറിലാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തേണ്ടത് എന്നും പറഞ്ഞു. സൂ ഉടനെ ചെനുമായി ബന്ധപ്പെട്ട് ക്വിയാനിന്റെ കാര്‍ വാടകയ്ക്കെടുത്തു, ലോവ് പറഞ്ഞത് ചെയ്തു.
ലോവും ക്വിയാനും മുമ്പ് ഡേറ്റ് ചെയ്തിരുന്നുവെന്നും ക്വിയാന് മറ്റൊരു സ്ത്രീയുമായി അടുത്തതോടെയാണ് ലോവ് പ്രതികാരം ചെയ്യാന്‍ തന്നെ കരുവാക്കിയത് എന്നും സൂ അറിഞ്ഞത് വളരെ വൈകിയാണ്.