BREAKINGNATIONAL

‘തൊടുന്നവരുടെ വിരല്‍ അറുക്കണം’, ബിഹാറില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് എംഎല്‍എ, വിവാദം

സീതാമര്‍ഹി: വിജയദശമി അഘോഷങ്ങള്‍ക്കിടെ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിജെപി എംഎല്‍എ. ബിഹാറിലെ സിതാമര്‍ഹിയിലാണ് സംഭവം. അതിക്രമം ചെയ്യാന്‍ തുനിയുന്നവര്‍ക്കെതിരെ വാള്‍ പ്രയോഗിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് സിതാമര്‍ഹിയിലെ ബിജെപി എംഎല്‍എ മിഥിലേഷ് കുമാര്‍ വാള്‍ വിതരണം ചെയ്തത്. വാളിനൊപ്പം രാമായണവും എംഎല്‍എ വിതരണം ചെയ്തിരുന്നു. അതിക്രമം ചെയ്യാന്‍ തുനിയുന്നവരെ വാളുപയോഗിച്ച് കൈകാര്യം ചെയ്യാനുള്ള എംഎല്‍എയുടെ നിര്‍ദ്ദേശം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്. സഹോദരിമാര്‍ക്ക് സ്വയം സംരക്ഷണത്തിനായുള്ള ഈ മാര്‍ഗത്തെ എംഎല്‍എ ന്യായീകരിക്കുക കൂടി ചെയ്തതോടെ ബീഹാറില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്.
കാപ്രോള്‍ റോഡിലെ പൂജാ പന്തലിലെത്തി വാള്‍ വിതരണം ചെയ്തതിന് പിന്നാലെ ആരെങ്കിലും ദുഷ്ട ലാക്കോടെ സഹോദരിമാരെ തൊട്ടാല്‍ ഈ വാളുകള്‍ ഉപയോഗിച്ച് വിരലുകള്‍ അരിയണമെന്നാണ് എംഎല്‍എ വിശദമാക്കിയത്. അത്തരം വിരലുകള്‍ വെട്ടിയരിയുന്നതിന് നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം ആവശ്യമെങ്കില്‍ ഞാനും നിങ്ങള്‍ക്കുമെല്ലാം അത് ചെയ്യേണ്ടി വരും. നമ്മുടെ സഹോദരിമാര്‍ക്കെതിരായ എല്ലാ ദുഷ്ടശക്തികളും നശിപ്പിക്കണം എന്നായിരുന്നു എംഎല്‍എ വിശദമാക്കിയത്. തെറ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ സ്ത്രീകളെ ശക്തരാക്കാനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും മിഥിലേഷ് കുമാര്‍ വിശദമാക്കി. സ്‌കൂളിലും കോളേജിലും പോകുന്ന പെണ്‍കുട്ടികള്‍ക്കാണ് എംഎല്‍എ വാള്‍ വിതരണം ചെയ്തത്.
സീതാമര്‍ഹിയിലെ വിവിധ പൂജാ പന്തലുകളിലും എംഎല്‍എ വാളുമായി എത്തിയിരുന്നു. വാഹനങ്ങളില്‍ വാളുകളുമായി എംഎല്‍എ എത്തുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പേനകള്‍ക്ക് പകരം വാളുകള്‍ വിതരണം ചെയ്യുന്നത് ആര്‍എസ്എസ് ആശയപ്രചാരണത്തിനാണെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനം. ഇതാണ് ആര്‍എസ്എസ് പരിശീലനത്തില്‍ പഠിപ്പിക്കുന്നതെന്നാണ് ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി രൂക്ഷമായി വിമര്‍ശിച്ചത്.

Related Articles

Back to top button