BREAKINGINTERNATIONAL

തൊണ്ടവേദന കാണിക്കാന്‍ ആശുപത്രിയിലെത്തി, ഡോക്ടര്‍ പറഞ്ഞതുകേട്ട് ഞെട്ടി, 20 -കാരി ഗര്‍ഭിണി, നാല് കുഞ്ഞുങ്ങള്‍

യുഎസ്സില്‍ ഒരു യുവതി തൊണ്ടവേദന കാണിക്കാനായി ആശുപത്രിയില്‍ പോയതാണ്. എന്നാല്‍, അവിടെ നിന്നും ഡോക്ടര്‍ പറഞ്ഞ കാര്യം കേട്ട് ഞെട്ടിയാണ് അവള്‍ തിരികെ വന്നത്. അവള്‍ ഗര്‍ഭിണിയാണ്.നാല് കുട്ടികളാണ് ഉദരത്തിലുള്ളത് എന്നായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തല്‍. യുഎസ്എ ടുഡേയോടാണ് തന്റെ അവിശ്വസനീയമായ അനുഭവം 20 -കാരിയായ കാറ്റലിന്‍ യേറ്റ്‌സ് പങ്കുവച്ചത്.
‘ഡോക്ടര്‍ തന്നെ പറ്റിക്കുകയാണ് എന്നാണ് സത്യമായിട്ടും ഞാന്‍ ആദ്യം കരുതിയത്’ എന്നാണ് കാറ്റലിന്‍ പറയുന്നത്. തൊണ്ടവേദനയുമായി ചെന്ന കാറ്റലിനോട് ഡോക്ടര്‍ എക്‌സറേ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതിന് മുന്നോടിയായി ഗര്‍ഭിണിയല്ലല്ലോ എന്നുറപ്പിക്കുന്നതിനായി ഗര്‍ഭ പരിശോധനയും നടത്താന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, ആ പരിശോധനയുടെ ഫലം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു.
എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പരിശോധനാഫലം പോസിറ്റീവായി. തന്റെ കാമുകന്‍ ജൂലിയന്‍ ബ്യൂക്കറുമായി ആറ് മാസമായി ഡേറ്റിംഗിലായിരുന്നു കാറ്റലിന്‍. എന്തായാലും, അപ്രതീക്ഷിതമായി കേട്ട വാര്‍ത്ത അവളെ അമ്പരപ്പിച്ചു. ‘എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല, എന്നാല്‍ ജൂലിയന്റെ പ്രതികരണം എന്നെ ശാന്തമാക്കി’ എന്നാണ് കാറ്റലിന്‍ പറയുന്നത്.
മാത്രമല്ല, ഗര്‍ഭിണിയായിരിക്കുന്ന സമയത്തെല്ലാം സങ്കീര്‍ണമായ അവസ്ഥകളിലൂടെയാണ് അവള്‍ കടന്നു പോയത്. കരളും വൃക്കയും അടക്കം പ്രശ്‌നത്തിലായി. ഒടുവില്‍, 29 -ാം ആഴ്ചയില്‍ ഒക്ടോബര്‍ 17 -ന്, സ്പ്രിംഗ്ഫീല്‍ഡിലെ HSHS സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ സി സെക്ഷന്‍ വഴി കാറ്റലിന്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.
ലിസബത്ത് ടെയ്ലര്‍, എലിയറ്റ് റൈക്കര്‍, മാക്‌സ് ആഷ്ടണ്‍, സിയ ഗ്രേസ് എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. നേരത്തെയായിരുന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതെങ്കിലും അവരെല്ലാം ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് കാറ്റലിന്‍ പറയുന്നത്. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഫണ്ട് കണ്ടെത്തുന്നതിനായി Venmo -യില്‍ ഒരു ഫണ്ട് റൈസിംഗ് കാമ്പയിനും ഇവര്‍ തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button