ന്യൂഡല്‍ഹി: ഗ്രാമീണമേഖലയില്‍ പാവപ്പെട്ടവര്‍ക്ക് ഉപജീവനമാര്‍ഗം തുറന്നുകൊടുത്ത മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അത്യാസന്നനിലയിലാണെന്ന് വിദഗ്ധ ഗവേഷകരുടെ പഠനം. എന്‍ജിനിയറിങ് വിദഗ്ധരും ഗവേഷകരുമടങ്ങിയ ലിബ്‌ടെക് ഇന്ത്യ പഠനത്തിലാണ് വെളിപ്പെടുത്തല്‍.കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഈ വര്‍ഷം പദ്ധതിയിലെ സജീവതൊഴിലാളികളുടെ എണ്ണത്തില്‍ എട്ടുശതമാനം ഇടിവുണ്ടായി. കേരളത്തില്‍ ഈ വര്‍ഷം 1,93,947 തൊഴിലാളികള്‍ പദ്ധതിക്ക് പുറത്തായപ്പോള്‍ 67,629 തൊഴിലാളികള്‍ പുതുതായെത്തി. ഫലത്തില്‍ കേരളത്തില്‍ ഈ വര്‍ഷമുണ്ടായ തൊഴിലാളികളുടെ കുറവ് 1,26,318.തുടര്‍ച്ചയായി മൂന്നുവര്‍ഷമെങ്കിലും സ്ഥിരമായി പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് നേടിയ തൊഴിലാളികളെയാണ് ‘സജീവതൊഴിലാളി’കളായി കണക്കാക്കുക.ഒന്നാം യു.പി.എ. ഭരണകാലത്ത് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പദ്ധതിയോടുള്ള അധികൃതരുടെ താത്പര്യക്കുറവും താഴെത്തട്ടിലെ തൊഴിലാളികളായ ഗുണഭോക്താക്കള്‍ക്ക് അപ്രാപ്യമായവിധത്തില്‍ ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ നിബന്ധനകളും പദ്ധതിയുടെ താളം തെറ്റിക്കുന്നെന്നാണ് കണ്ടെത്തല്‍.
ആധാര്‍ അധിഷ്ഠിത വേതനവിതരണം വിനയായി
ആധാര്‍ അധിഷ്ഠിത വേതനവിതരണ സംവിധാനം (എ.ബി.പി.എസ്.) കര്‍ക്കശമാക്കിയതാണ് കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലാം തൊഴിലാളികള്‍ക്ക് വിനയായത്. ഈ വര്‍ഷം ജനുവരിമുതല്‍ സംവിധാനം നിര്‍ബന്ധമാക്കിയതോടെ 6.73 കോടി തൊഴിലാളികളാണ് പദ്ധതിക്ക് പുറത്തായത്. മൊത്തം തൊഴിലാളികളുടെ 27.4 ശതമാനം വരുമിത്. മറ്റു മാനദണ്ഡങ്ങളാല്‍ പുറത്താക്കപ്പെടുന്നവരുമുണ്ട്. ‘സജീവതൊഴിലാളി’കളല്ലാതാവുക പോലുള്ള കാരണങ്ങളുമുണ്ട്
ആധാര്‍ തൊഴില്‍ക്കാര്‍ഡുമായി ബന്ധിപ്പിക്കല്‍, തൊഴില്‍ക്കാര്‍ഡിലെയും ആധാര്‍ കാര്‍ഡിലെയും പേരിലെ അക്ഷരങ്ങളടക്കം ഒന്നുതന്നെയെന്ന് ഉറപ്പാക്കല്‍, ബാങ്ക് അക്കൗണ്ടിനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍, അക്കൗണ്ടിനെ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ രേഖപ്പെടുത്തല്‍ എന്നീ കടമ്പകള്‍ പൂര്‍ത്തിയായാല്‍മാത്രമേ എ.ബി.പി.എസ്. പരിധിയിലുള്‍പ്പെടുകയുള്ളൂ. ഉത്തരേന്ത്യയിലെയടക്കം പാവപ്പെട്ട ജനതയ്ക്ക് ഇത് അപ്രാപ്യമാകുന്നത് ഇക്കാരണത്താലാണ്. കേരളമാണ് ഏറക്കുറെ എ.ബി.പി.എസ്. പൂര്‍ത്തീകരണത്തില്‍ മുന്നില്‍. കേരളത്തില്‍ പലരും സജീവതൊഴിലാളികളാവുന്നില്ലെന്നതാണ് പ്രശ്‌നം.
തൊഴിലവസരങ്ങളിലും ഇടിവ്
എം.എന്‍.ആര്‍.ഇ.ജി. പ്രകാരം ഉത്പാദിപ്പിക്കപ്പെടുന്ന തൊഴില്‍ദിനങ്ങളില്‍ 16.6 ശതമാനമാണ് ഇടിവ്. മുന്‍വര്‍ഷം 184 കോടി തൊഴില്‍ദിനങ്ങളുണ്ടായിരുന്നത് ഈ വര്‍ഷം 154 കോടിയായി. ഏറ്റവും കുറവുണ്ടായത് തമിഴ്‌നാട്ടിലും ഒഡിഷയിലുമാണ്. മഹാരാഷ്ട്രയിലും ഹിമാചല്‍പ്രദേശിലും തൊഴില്‍ദിനങ്ങള്‍ കൂടി. അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് 2021 മുതല്‍ പശ്ചിമബംഗാളില്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തി. ഇതോടെ, തുടര്‍ച്ചയായി മൂന്നുവര്‍ഷം തൊഴിലുറപ്പിന്റെ ഭാഗമാകാനുള്ള അവസരം തൊഴിലാളിക്ക് നഷ്ടപ്പെട്ടു. ബംഗാളില്‍ ‘സജീവതൊഴിലാളി’കളില്ല, പദ്ധതിയും ‘മരിച്ചു’.
*രാജ്യത്ത് ഈ വര്‍ഷം ഒക്ടോബര്‍ 10 വരെയുള്ള സജീവതൊഴിലാളികള്‍ 13.2 കോടി. കഴിഞ്ഞ വര്‍ഷം ഇത് 14.3 കോടി
* മൊത്തം തൊഴില്‍ക്കാര്‍ഡുകള്‍ – 9.2 കോടി (2024 ഒക്ടോബര്‍ 10 വരെ). 9.7 കോടി (2023 ഒക്ടോബര്‍ 6 വരെ). – കുറവ് ഈ വര്‍ഷം 5.7%
* രാജ്യത്തെ മൊത്തം തൊഴിലുറപ്പ് തൊഴിലാളികള്‍ – 24.6 കോടി
*എ.ബി.പി.എസില്‍ ഭാഗമാകാനാവാതെ പുറത്തായത് – 6.73 കോടി (27.4%)
* മൊത്തം സജീവതൊഴിലാളികള്‍ – 12.78 കോടി. ഇതില്‍ എ.ബി.പി.എസില്‍ ഭാഗമാകാനാവാതെ പുറത്തായത് 54 ലക്ഷം
പുറത്താക്കപ്പെടുന്നത് മുന്നറിയിപ്പില്ലാതെ
തൊഴിലുറപ്പു പദ്ധതിയില്‍നിന്ന് തൊഴിലാളി ഒഴിവാക്കപ്പെടുന്നത് മുന്നറിയിപ്പില്ലാതെയെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ എന്‍.ആര്‍.ഇ.ജി.എ. സംഘര്‍ഷ് മോര്‍ച്ച കോഡിനേറ്റര്‍ അര്‍ജുന്‍ മാതൃഭൂമിയോട് പറഞ്ഞു. ഏതൊരു തൊഴിലിടത്തിലും പുലര്‍ത്തപ്പെടേണ്ട ജനാധിപത്യമര്യാദയാണ് ഇതിലൂടെ അട്ടിമറിക്കപ്പെടുന്നത്. ആധാര്‍ അധിഷ്ഠിത വേതനസംവിധാനം അപ്രാപ്യമായ തൊഴിലാളികള്‍ തള്ളപ്പെടരുതെന്നുകാട്ടി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അതില്ലാത്തവര്‍ക്കും പഴയ രീതിയിലുള്ള കൂലി നല്‍കിക്കൊണ്ട് പദ്ധതിയിലുള്‍പ്പെടുത്താമെന്ന് മന്ത്രാലയം സര്‍ക്കുലറിറക്കി. എന്നാല്‍, ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്ന് അര്‍ജുന്‍ പറയുന്നു.