KERALALATEST

തൊഴില്‍ തട്ടിപ്പ്: കാത്തലിക് ഫോറം നേതാവ് ബിനു അറസ്റ്റില്‍, തട്ടിയെടുത്തത് ലക്ഷങ്ങള്‍

കൊച്ചി: ലക്ഷങ്ങളുടെ തൊഴില്‍ തട്ടിപ്പ് കേസില്‍ കാത്തലിക് ഫോറം നേതാവ് ബിനു പി ചാക്കോ അറസ്റ്റില്‍. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി ചെയ്ത് പണം തട്ടിയ കേസിലാണ് തിരുവല്ല കാവും ഭാഗം പെരുന്തുരുത്തി സ്വദേശിയായ ബിനുവിനെ പാലാരിവട്ടം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിനിയായ യുവതിയില്‍ 3.50 ലക്ഷം രൂപയാണ് ബിനു തട്ടിയെടുത്തത്. ആറ് ലക്ഷം രൂപയോളമാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ 3.50 ലക്ഷം രൂപ നല്‍കി. പാലാരിവട്ടത്തെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. പണം നല്‍കിയിട്ടും ജോലി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകാതെ വന്നതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു.
നിരവധി പ്രാവശ്യം ഫോണില്‍ വിളിച്ചെങ്കിലും കോള്‍ എടുക്കാതെ വന്നതോടെ യുവതി പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തതോടെ വീട്ടില്‍ നിന്നും മാറി നിന്ന ബിനുവിനെ കോട്ടയം റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുള്ള ഫ്‌ലാറ്റില്‍ നിന്ന് പോലീസ് പിടികൂടി.
ബിനുവിനെതിരെ നിരവധി തട്ടിപ്പ് കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങളില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് കോട്ടയം വെസ്റ്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 21 ലക്ഷം രൂപയോളമാണ് ഇത്തരത്തില്‍ മാത്രമായി തട്ടിയെടുത്തത്. 2010 മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും റെയില്‍വെയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവങ്ങളിലെ പ്രതിയാണ് ബിനു.
തട്ടിപ്പ് കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞ ബിനു ജാമ്യത്തിലിറങ്ങിയിട്ടും തൊഴില്‍ തട്ടിപ്പ് തുടരുകയായിരുന്നു. നിലവില്‍ ഇടുക്കി കഞ്ഞിക്കുഴി, കോട്ടയം വെസ്റ്റ്, കുറവിലങ്ങാട്, ചങ്ങനാശേരി, മണ്ണാര്‍ക്കാട്, എറണാകുളം സെന്‍ട്രല്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ചെക്ക് തട്ടിപ്പ് കേസുകളും നിലവിലുണ്ട്.
മാധ്യമ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയും ബിനു തട്ടിപ്പ് നടത്തിയിരുന്നു. കാത്തലിക് ഫോറം പ്രിസിഡന്റും കേരള യുണൈറ്റഡ് ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ പിആര്‍ഒയുമായിരുന്നു ബിനു ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു. ഇയാള്‍ക്കെതിരെ പരാതിയുള്ളവര്‍ അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker