BREAKINGKERALA

തോന്നുമ്പോള്‍ കയറിവരാന്‍ ഇത് ചന്തയല്ല, പോലീസിന്റേത് സ്ത്രീയുടെ അന്തസ്സിനെ ചോദ്യംചെയ്യുന്ന നടപടി- ഷാനിമോള്‍

പാലക്കാട്: സ്ത്രീ എന്ന നിലയില്‍ അഭിമാനത്തെ ചോദ്യംചെയ്യുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ അന്തസ്സിന് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടിന് രാഷ്ട്രീയ നേതൃത്വത്തേക്കൊണ്ട് മറുപടി പറയിക്കുമെന്നും അവര്‍ പറഞ്ഞു. അനധികൃത പണം എത്തിച്ചെന്നാരോപിച്ച് പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പോലീസ് നടത്തിയ പരിശോധന സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.
രാത്രി 12 മണിക്ക് ശേഷം വാതിലില്‍ മുട്ടിയ നടപടി കേരളാ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത് അത്യന്തം ഗുരുതരമായ തെറ്റാണ്. അസമയത്ത് വന്ന് മുറിയുടെ കോളിങ് ബെല്ലടിച്ചാല്‍ തുറക്കേണ്ട കാര്യമില്ല. അത്യാവശ്യമുണ്ടെങ്കില്‍ റിസപ്ഷനില്‍ നിന്ന് ഫോണില്‍ വിളിക്കാം. അതല്ല പോലീസ് ചെയ്തത്, ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
പുരുഷ പോലീസുകാരെ പറഞ്ഞുവിടുകയാണ് ചെയ്തതെന്നും പിന്നീട് വനിതാ പോലീസ് എത്തി മുറി പരിശോധിച്ചെന്നും അവര്‍ പറഞ്ഞു. മുറി പരിശോധിച്ചെങ്കില്‍ എന്ത് ലഭിച്ചു എന്ന് രേഖാമൂലം അറിയിക്കണം. തോന്നുമ്പോള്‍ കയറിവന്ന് പരിശോധിക്കാനും ഇറങ്ങിപ്പോകാനും മാര്‍ക്കറ്റൊന്നുമല്ല ഇതെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
സ്ത്രീ എന്ന നിലയില്‍ അഭിമാനത്തെ ചോദ്യംചെയ്യുന്ന നിലപാടാണ് യൂണിഫോം ഇട്ടവരും ഇടാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണെങ്കില്‍ ഏത് ഉദ്യോഗസ്ഥരാണ് വന്നത്. അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് എവിടെ. അത് കാണിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

Related Articles

Back to top button