തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എന്‍സിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. മൂന്നാം തീയതി എ കെ ശശീന്ദ്രനും തോമസ് കെ തോമസിന് ഒപ്പം മുഖ്യമന്ത്രിയെ കാണുമെന്നും പിസി ചാക്കോ വ്യക്തമാക്കി.
മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള തര്‍ക്കം എന്‍സിപിയെ പിളര്‍പ്പിലേക്കെത്തിക്കുമോ എന്ന ചര്‍ച്ചയ്ക്കിടെയാണ് പിസി ചാക്കോ നിലപാട് വ്യക്തമാക്കിയത്. ശശീന്ദ്രനെ മാറ്റുന്നതിനെ എതിര്‍ത്ത് തൃശൂരില്‍ യോഗം വിളിച്ച വൈസ് പ്രസിഡണ്ട് പി.കെ രാജന്‍ മാസ്റ്ററെ നേരത്തെ ചാക്കോ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിമതയോഗം എന്ന നിലക്കുള്ള നടപടി ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തിയിരുന്നത്. ചാക്കോയുടെ നടപടിക്കെതിരെ പരസ്യപ്രസ്താവന ഇറക്കിയായിരുന്നു ശശീന്ദ്രന്റെ മറുപടി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചാക്കോക്ക് അയച്ച കത്ത് ശശീന്ദ്രന്‍ പരസ്യമാക്കിയതും പിന്നോട്ടില്ലെന്ന സന്ദേശം നല്‍കുന്നു.
കാരണം കാണിക്കല്‍ നോട്ടീസ് പോലുമില്ലാതെ എടുത്ത നടപടിക്കെതിരെ ശശീന്ദ്രന്‍ പക്ഷം പവാറിന് കത്ത് നല്‍കിയിട്ടുണ്ട്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ കടുപ്പിക്കാനാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ നീക്കം. ശശീന്ദ്രനെ മാറ്റാനുള്ള പിസി ചാക്കോയുടെയും തോമസ് കെ തോമസിന്റെയും നീക്കം ഇനിയും ഫലം കണ്ടിട്ടില്ല. മുഖ്യമന്ത്രിയാകും ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക.
70 1 minute read