ബെംഗളുരു: തോളത്ത് കയ്യിടാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കരണത്തടിച്ച് ഡികെ ശിവകുമാര്‍. മാണ്ഡ്യയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുന്‍ മന്ത്രി മഡേഗൗഡയെ സന്ദര്‍ശിക്കുന്നതിന് മാണ്ഡ്യയില്‍ എത്തിയതായിരുന്നു ശിവകുമാര്‍. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു നീങ്ങവെ ഒപ്പമുണ്ടായിരുന്ന ആള് ഡികെ ശിവകുമാറിന്റെ തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ശിവകുമാര്‍ കൈ തട്ടിമാറ്റുകയും മുഖത്തടിക്കുകയുമായിരുന്നു. മാധ്യമങ്ങളുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം.
ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് അവ ഡിലീറ്റ് ചെയ്യാന്‍ ശിവകുമാര്‍ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കാത്തതിനെത്തുടര്‍ന്നാണ് അത്തരത്തില്‍ പ്രതികരിച്ചതെന്നാണ് ശിവകുമാറിന്റെ വാദം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ബിജെപി നേതാവ് സിടി രവി രംഗത്തെത്തി. ബെംഗളുരുവിലെ ഗുണ്ടയായിരുന്ന കോട്വാള് രാമചന്ദ്രയുടെ പഴയ ശിഷ്യനായ ശിവകുമാര്‍ ഇത്തരത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് ഇടപെടുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നാണ് രവിയുടെ വിമര്‍ശനം. ഇത്തരത്തില്‍ അതിക്രമം നടത്താന്‍ ശിവകുമാറിന് ആരാണ് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ട്വീറ്റിലൂടെയാണ് പ്രതികരണം.