ന്യൂഡല്‍ഹി: ദളിത് ക്രിസ്ത്യന്‍, ദളിത് മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിക്കും. സുപ്രീംകോടതിയില്‍ കേസ് വന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
1950 ലെ ഉത്തരവ് അനുസരിച്ചാണ് പട്ടികജാതിയില്‍ എതൊക്ക വിഭാഗങ്ങള്‍ വരും എന്ന് നിശ്ചയിക്കുന്നത്. ഹിന്ദുമതത്തിലെ തൊട്ടുകൂടായ്മ നേരിട്ട സമൂഹങ്ങളെ മാത്രമാണ് പട്ടികജാതിയില്‍ ആദ്യം ഉള്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് സിഖ്, ബുദ്ധ മതങ്ങളിലെ ദളിത് വിഭാഗങ്ങളെ കൂടി ചേര്‍ത്തു. ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളിലേക്കും മതം മാറി എത്തിയ ഇത്തരം വിഭാഗങ്ങളുണ്ടെങ്കിലും അവരെ പട്ടികജാതി വിഭാഗമായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. 2007 ല്‍ ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന് ഈ വിവേചനം പാടില്ലെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 2020 ല്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ദളിത് ക്രിസ്ത്യന്‍സ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്കി. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള ആലോചന.
കേന്ദ്രമന്ത്രിയും ഒരു ജഡ്ജിയും ഉള്‍പ്പെടുന്ന സമിതി രൂപീകരിച്ച് പഠിക്കാനാണ് തീരുമാനം. പരിവര്‍ത്തിത ദളിത് വിഭാഗങ്ങള്‍ക്കായി ഒരു ദേശീയ കമ്മീഷനുള്ള ആലോചനയും സര്‍ക്കാരിനുണ്ട്. നിര്‍ദ്ദേശം നടപ്പായാല്‍ ഇപ്പോള്‍ ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിലെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് കിട്ടുന്ന അതേ ആനുകൂല്യം ക്രിസ്ത്യന്‍, മുസ്ലിം ദളിത് വിഭാഗങ്ങള്‍ക്കും കിട്ടും. ചില സംസ്ഥാനങ്ങള്‍ ഈ വിഭാഗങ്ങളെ ഒബിസിയിലാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ് ആകെ പതിനാല് കോടി മുസ്ലിംങ്ങളും രണ്ടര കോടി ക്രിസ്ത്യാനികളും ഉണ്ടെന്നാണ് കഴിഞ്ഞ സെന്‍സസ് നല്കുന്ന കണക്ക്. എന്നാല്‍ ഇതില്‍ എത്രയാണ് ദളിത് വിഭാഗങ്ങളെന്നതില്‍ കണക്കില്ല. ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തെയെങ്കിലും സ്വാധീനിക്കാനുള്ള ശ്രമം കൂടിയാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
***