KERALABREAKINGNEWS

ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം നടൻ മിഥുൻ ചക്രവർത്തിക്ക്

രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മിഥുൻ ചക്രവർത്തിക്ക് പുരസ്കാരം നൽകുന്നത്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് വാർത്ത ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ എട്ടിന് നടക്കാനിരിക്കുന്ന 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങില്‍ വച്ച് മിഥുൻ ചക്രവർത്തിക്ക് പുരസ്കാരം സമ്മാനിക്കും.തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മിഥുൻ ചക്രവർത്തിയുടേത് എന്ന തലക്കെട്ടോടെയാണ് മന്ത്രി അശ്വിനി വൈഷ്ണവ് പുരസ്കാരത്തിന്റെ പ്രഖ്യാപനം എക്സിലൂടെ പങ്കുവെച്ചത്. നേരത്തെ പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം മിഥുൻ ചക്രവർത്തിയെ ആദരിച്ചിരുന്നു. മുൻ ദാദാസാഹിബ് അവാർഡ് ജേതാവ് ആശാ പരേഖ്, നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ, ചലച്ചിത്ര നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ എന്നിവരടങ്ങിയ മൂന്നംഗ ജൂറിയാണ് ചക്രവർത്തിയെ ഈ ബഹുമതിക്കായി തിരഞ്ഞെടുത്തത്.

Related Articles

Back to top button