BREAKINGINTERNATIONAL

ദാനംചെയ്തത് 2645 ലിറ്റര്‍ മുലപ്പാല്‍;ഗിന്നസ് റെക്കോഡ് തിരുത്തി 36-കാരി

മുലപ്പാല്‍ ദാനത്തില്‍ സ്വന്തം ഗിന്നസ് റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് യു.എസിലെ ടെക്സാസ് സ്വദേശിനി അലീസ് ഒഗിള്‍ട്രീ. 2,645.58 ലിറ്റര്‍ മുലപ്പാലാണ് ഇവര്‍ ദാനംചെയ്തത്. 2014-ലെ 1,569.79 ലിറ്റര്‍ എന്ന സ്വന്തം റെക്കോര്‍ഡാണ് 36-കാരിയായ അലീസ തിരുത്തിയത്.
ഒരു ലിറ്റര്‍ മുലപ്പാല്‍കൊണ്ട് മാസം തികയാത്ത 11 കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് നോര്‍ത്ത് ടെക്സാസിലെ മദേഴ്സ് മില്‍ക് ബാങ്കിന്റെ കണക്ക്. ഇതുപ്രകാരം മൂന്നരലക്ഷത്തിലേറെ കുഞ്ഞുങ്ങള്‍ക്ക് അലീസ് മുലയൂട്ടിയിട്ടുണ്ടാവാമെന്നാണ് കണക്കാക്കപ്പെടുന്നത്.
ആളുകളെ സഹായിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, പണക്കാരിയല്ലാത്തതിനാല്‍ അതിന് സാധിച്ചിരുന്നില്ല. മുലപ്പാല്‍ ദാനംചെയ്യുന്നത് മാത്രമാണ് തനിക്ക് സാധിക്കുമായിരുന്നതെന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അലീസ് വ്യക്തമാക്കി.
മകന്‍ കെയ്ലിക്ക് ജന്മം നല്‍കിയതുമുതല്‍ അലീസ് മുലപ്പാല്‍ ദാനംചെയ്യുന്നുണ്ട്. 2010-ല്‍ ജനിച്ച മകനിപ്പോള്‍ 14 വയസായി. സാധാരണയില്‍ കൂടുതലായി മുലപ്പാല്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു നഴ്സാണ് ദാനംചെയ്യാന്‍ അലീസിനോട് നിര്‍ദേശിക്കുന്നത്. കെയ്ലിക്ക് പിന്നാലെ കെയ്ജ് (12), കോറി (7) എന്നീ ആണ്‍കുട്ടികള്‍ക്കും അലീസ് ജന്മംനല്‍കി. അപ്പോഴും മുലപ്പാല്‍ ദാനംചെയ്യുന്നത് തുടര്‍ന്നു. ഇപ്പോള്‍ അലീസയ്ക്ക് നാലുമക്കളാണുള്ളത്.

Related Articles

Back to top button