ചെന്നൈ: വൈവാഹികതര്‍ക്കങ്ങള്‍ കൈകാര്യംചെയ്യുന്ന അഭിഭാഷകര്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കി. പ്രശ്നങ്ങള്‍ പെരുപ്പിക്കാനല്ല, പരിഹരിക്കാനാണ് അഭിഭാഷകര്‍ ശ്രമിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം കൈകാര്യംചെയ്യേണ്ടത് കുടുംബജീവിതത്തിന്റെ ചട്ടക്കൂടിന് ക്ഷതമേല്‍പ്പിക്കാതെയായിരിക്കണമെന്ന് അഭിഭാഷകരെ കോടതി ഓര്‍മ്മിപ്പിച്ചു.
ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ കോടതിയിലെത്തുമ്പോള്‍ നിസ്സാരവിഷയങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്ന പ്രവണത കൂടിവരുകയാണെന്നും അഭിഭാഷകരുടെ നിര്‍ദേശപ്രകാരമോ അംഗീകാരത്തോടെയോ ആണ് ഇതു നടക്കുന്നതെന്നും ചൂണ്ടിക്കാണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിരീക്ഷണം.
കുടുംബപ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനാവുമോയെന്നാണ് അഭിഭാഷകര്‍ ആദ്യം നോക്കേണ്ടത്. ഇക്കാര്യത്തില്‍ കക്ഷികള്‍ക്കുവേണ്ട ഉപദേശങ്ങള്‍ നല്‍കാന്‍ യോഗ്യരായ കൗണ്‍സലര്‍മാരുടെ സഹായംതേടാം. തെറ്റായ പരാതികള്‍ ഉന്നയിക്കുന്നതിന്റെ നിയമപ്രശ്നങ്ങളെക്കുറിച്ച് കക്ഷികളെ ബോധ്യപ്പെടുത്തണം. ഇക്കാര്യത്തില്‍ നൈതികത കാത്തുസൂക്ഷിക്കാത്ത അഭിഭാഷകര്‍ക്കെതിരേ ബാര്‍ കൗണ്‍സില്‍ നടപടിസ്വീകരിക്കണം -ജസ്റ്റിസ് വി. ഭവാനി സുബ്ബരായനും ജസ്റ്റിസ് കെ.കെ. രാമകൃഷ്ണനുമടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.
62 Less than a minute