BREAKINGNATIONAL

ദിവസം 10 സിഗരറ്റ്, 27 വര്‍ഷം വലിച്ചു, 17 ദിവസമായി നിര്‍ത്തിയിട്ട്, സന്തോഷം തോന്നുന്നു, വൈറലായി പോസ്റ്റ്

പുകവലി വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ദുഃശ്ശീലമാണ്. അത് എത്രയും പെട്ടെന്ന് നിര്‍ത്തുന്നോ അത്രയും നല്ലത് എന്ന് പറയാറുണ്ട്. എന്നാല്‍, പുകവലി ശീലിച്ച പലര്‍ക്കും അത്ര പെട്ടെന്ന് അത് നിര്‍ത്താന്‍ സാധിക്കണം എന്നില്ല. വര്‍ഷങ്ങളോളം സിഗരറ്റ് വലിക്കുന്നവരുണ്ട്. എത്ര ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും പലരും ആ ശീലം തുടര്‍ന്നു പോകാറാണ് പതിവ്. എന്നാല്‍, വര്‍ഷങ്ങളോളം പുകവലിച്ച ശേഷം പെട്ടെന്ന് ഒരു ദിവസം അതങ്ങ് അവസാനിപ്പിക്കുന്നവരും ഉണ്ട്. അതിനുശേഷമുള്ള ജീവിതം ആകെ മാറ്റം നിറഞ്ഞതാണ് എന്നും അവര്‍ പറയാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
എക്‌സില്‍ (ട്വിറ്റര്‍) തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത് രോഹിത് കുല്‍ക്കര്‍ണി എന്ന യൂസറാണ്. താന്‍ 24 വര്‍ഷമായി ദിവസവും 10 സിഗരറ്റ് വച്ച് വലിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് നിര്‍ത്തിയിരിക്കുകയാണ് എന്നാണ് രോഹിത് പറയുന്നത്. അത് തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും രോഹിത് സൂചിപ്പിക്കുന്നുണ്ട്. ‘കഴിഞ്ഞ 24 വര്‍ഷമായി ഞാന്‍ ദിവസവും 10 സിഗരറ്റ് വലിക്കുന്നു. കണക്ക് കൂട്ടി മൊത്തം എത്രയെണ്ണം എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഇത് ഭയാനകമാണ്! ഈ വര്‍ഷത്തെ ജന്മാഷ്ടമി ദിനത്തില്‍, ഞാന്‍ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു, ഞാന്‍ ഒരു സിഗരറ്റ് തൊട്ടിട്ട് 17 ദിവസമായി. വളരെ സന്തോഷം തോന്നുന്നു’ എന്നാണ് എക്‌സില്‍ രോഹിത് കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് രോഹിതിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പലരും തങ്ങള്‍ പുകവലി നിര്‍ത്തിയ അനുഭവമാണ് കമന്റ് ബോക്‌സില്‍ പങ്കുവച്ചത്. ഒരൂ യൂസര്‍ പറഞ്ഞത്, ‘1982 മുതല്‍ 1996 വരെ ഞാന്‍ ദിവസവും ശരാശരി 15-18 സിഗരറ്റുകള്‍ വലിച്ചിരുന്നു. 04 ജനുവരി 1996 ന് ഞാന്‍ എന്റെ വില്‍സ് പാക്കറ്റ് നശിപ്പിച്ച് കളഞ്ഞു. അതിനു ശേഷം ഞാന്‍ സിഗരറ്റ് തൊട്ടിട്ടില്ല. ഇരുപത്തൊമ്പത് വര്‍ഷമായി. സ്‌ട്രോങ്ങായിരിക്കുക. രണ്ട് മാസത്തിനുള്ളില്‍ വലിക്കാനുള്ള ആഗ്രഹം ഇല്ലാതെയാവും’ എന്നാണ്.
മറ്റൊരാള്‍ പറഞ്ഞത്, ’32 വര്‍ഷം വലിച്ചിട്ടാണ് ഞാന്‍ നിര്‍ത്തിയത്. ഇപ്പോള്‍ രണ്ട് വര്‍ഷമായി രോഹിത്തിനെ കൊണ്ടും ഇത് സാധിക്കും’ എന്നാണ്. എന്തായാലും, പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പോസ്റ്റ് ഒരു പ്രചോദനമായിക്കാണും എന്ന കാര്യത്തില്‍ സംശയമില്ല.

Related Articles

Back to top button