തൃശ്ശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശ്ശൂരില്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി. പി. ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം. തത്ക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കണ്ണൂര്‍ സിപിഎം. ഈ നിലപാട് തിരുത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തന്നെയാകും സെക്രട്ടേറിയറ്റില്‍ പ്രധാനമായും വിലയിരുത്തപ്പെടുക. കൊടകര കുഴല്‍പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണ കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് രാഷ്ട്രീയ തീരുമാനം എടുക്കുമോ എന്നതും നിര്‍ണായകമാണ്. തിരുവനന്തപുരത്തുള്ള മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കില്ല.
അതേ സമയം, എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ പ്രതി പി.പി.ദിവ്യയുടെ ജാമ്യ ഹര്‍ജി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കളക്ടര്‍ അരുണ്‍ കെ.വിജയന്റെയും പരാതിക്കാരന്‍ പ്രശാന്തിന്റെയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യയുടെ ജാമ്യപേക്ഷ. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്നെ കളക്ടറുടെ മൊഴി അന്വേഷിക്കണം എന്നാണ് ആവശ്യം. നവീന്‍ ബാബുവിന്റെ കുടുംബം ജാമ്യപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരും. കളക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. കളക്ടറെ മാറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് ഇന്ന് മാര്‍ച്ച് നടത്തും. രാവിലെ 10ന് കളക്ടറേറ്റിലേക്ക് നടത്തുന്ന പ്രതിഷേധംകെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉത്ഘാടനം ചെയ്യും.
61 1 minute read