BREAKINGKERALA
Trending

ദിവ്യക്കെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത, സൂചന നല്‍കി എം വി ഗോവിന്ദന്‍, നടപടി സംഘടനാപരമായി ആലോചിക്കുമെന്ന് പ്രതികരണം

goviകണ്ണൂര്‍ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയെന്ന് സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തെറ്റായ നിലപാടിനൊപ്പം പാര്‍ട്ടി നില്‍ക്കില്ലെന്നും ദിവ്യക്കെതിരെയുള്ള നടപടി സംഘടനാപരമായി ആലോചിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം എന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ചു.
അതിനിടെ എഡിഎം നവീന്‍ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കി ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കോഴ വാങ്ങിയതിനും പെട്രോള്‍ പമ്പിനുള്ള അനുമതി വൈകിപ്പിച്ചതിനും ഒരു തെളിവും ഇല്ലെന്നാണ് കണ്ടെത്തല്‍. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ എത്തിയതും അധിക്ഷേപ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതും ആസൂത്രിതമാണെന്നും കണ്ടെത്തലുണ്ട്.
ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് റോഡിന് വീതിയില്ലാത്തതിനാല്‍ പൊലീസ് ആദ്യം എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കി. എന്നിട്ടും എഡിഎം ടൗണ്‍ പ്ലാനിംഗ് വിഭാഗത്തോട് റിപ്പോര്‍ട്ട് ചോദിച്ചത് അപേക്ഷനായ ടിവി പ്രശാന്തിനെ സഹായിക്കാനെന്നാണ് കണ്ടെത്തല്‍. അതായത് എന്‍ഒസി ബോധപൂര്‍വ്വം വൈകിപ്പിച്ചെന്ന ആക്ഷേപം ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ പൂര്‍ണ്ണമായും തള്ളുന്നു. നവീന്‍ ബാബുവിന്റെ ഇടപെടല്‍ നിയമപരിധിക്കുള്ളില്‍ നിന്ന് മാത്രമായിരുന്നു. കൈക്കൂലി വാങ്ങിയെന്ന ആക്ഷപവും അന്വേഷണ റിപ്പോര്‍ട്ട് തള്ളുന്നു. കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും ആരും നല്‍കിയില്ല. മൊഴികളുമില്ല.
പിപി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. പ്രശാന്തിന്റെ മൊഴി അവ്യക്തമാണ്. ദുരൂഹമായ യാത്രയയപ്പിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് റിപ്പോര്‍ട്ട് സംശയിക്കുന്നു. ദിവ്യയുടെ വരവും പ്രാദേശിക ചാനല്‍ ദൃശ്യങ്ങള്‍ എടുത്തതും അത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതും സംശയങ്ങള്‍ കൂട്ടുന്നു. ദിവ്യയെ ക്ഷണിച്ചില്ലെന്നാണ് കണ്ണൂര്‍ കലക്ടറുടെ മൊഴി. കലക്ടര്‍ അടക്കം 17 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. നവീന്‍ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കുമ്പോഴും നവീന്‍ ബാബുവിനെ കുറ്റക്കാരനാക്കാന്‍ ആസൂത്രിത നീക്കം നടന്നുവെന്നാണ് റവന്യുവകുപ്പ് റിപ്പോര്‍ട്ട് അടിവരയിടുന്നത്.

Related Articles

Back to top button