കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാന്‍ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തില്‍ പറഞ്ഞുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ക്രിമിനല്‍ മനോഭാവം വെളിവായി. കുറ്റവാസനയോടും ആസൂത്രണതോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുന്‍പ് പല കേസുകളിലും പ്രതിയാണെന്നുമുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഉപഹാര വിതരണത്തില്‍ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണ്. വേദിയില്‍ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ചിത്രീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ ഏര്‍പ്പാടാക്കി. കളക്ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കളക്ടറേറ്റ് ഇന്‍സ്‌പെക്ഷന്‍ വിങ്ങിലെ സീനിയര്‍ റിപ്പോര്‍ട്ടറുടെ മൊഴിയില്‍ പറയുന്നു.
ക്രിമിനല്‍ മനോഭാവം വെളിവായിട്ടുണ്ടെന്നും വ്യക്തമാക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും പറയുന്നുണ്ട്. കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പില്‍ വരുത്തിയെന്നും അന്വേഷണതോട് സഹകരിക്കാതെ ഒളിവില്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്.
51 Less than a minute