ദുബായ്: പതിവു പരിശീലനപ്പറക്കലിനിടെ ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു. എ6-എ.എല്‍.ഡി. രജിസ്‌ട്രേഷനുള്ള എയ്‌റോഗള്‍ഫിന്റെ ഉടമസ്ഥതയിലുള്ള ‘ബെല്‍ 212’ ഹെലികോപ്റ്ററാണ് യു.എ.ഇ. കടലില്‍ തകര്‍ന്നുവീണതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു.
ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ കാണാതായി. ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് പൈലറ്റുമാര്‍. വ്യാഴാഴ്ച രാത്രി പ്രാദേശികസമയം 8.07-നാണ് സംഭവം. ജി.സി.എ.എ. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടറിന് രാത്രി 8.30-നാണ് അപകടവിവരം ലഭിക്കുന്നത്. സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.