ന്യൂഡൽഹി: വയനാട് ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്നാണ് കേന്ദ്രം ഇൻഷുഖൻസ് കമ്പനികൾക്ക് നിർദേശം നൽകിയത്.
എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കമുള്ള കമ്പനികൾക്കാണ് ധനകാര്യ മന്ത്രാലയത്തിന്റെ നിർദേശം. കേന്ദ്ര സർക്കാർ നിർദേശത്തിന് പിന്നാലെ കമ്പനികൾ നടപടികൾ ആരംഭിച്ചു.
ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനിൽ സമഗ്രമായ ഇളവാണ് കമ്പനികൾ വരുത്തിയത്. എത്രയും വേഗത്തിൽ പോളിസി ഉടമകളെ ബന്ധപ്പെടാനും നടപടി ആരംഭിച്ചു. ജനറൽ ഇൻഷുറൻസ് കൗൺസിൽ ക്ലെയിമുകൾ തീർപ്പാക്കി വേഗത്തിൽ പണം നൽകുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചു.