BREAKINGKERALANEWS

ദുരന്ത ഭൂമിയിൽ നിന്നും ആശ്വാസവാർത്ത; വയനാട്ടിൽ തകർന്നു കിടന്ന വീടിനുള്ളിൽ നിന്ന് നാലു പേരെ ജീവനോടെ രക്ഷപ്പെടുത്തി: ജീവന്റെ തുടിപ്പ് തേടി രക്ഷാപ്രവർത്തനം തുടർന്ന് സൈന്യം.

മഹാദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകർന്ന വീട്ടില്‍ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം.

പകുതി തകർന്ന വീട്ടില്‍ ഒറ്റപ്പെട്ട് പോയവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. ഉരുള്‍പ്പൊട്ടലില്‍ തകർന്ന് പോയ വീട്ടില്‍ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു കുടുംബം.

 

ദുരന്തഭൂമിയിൽ ഇനി ആരും ജീവനോടെ ബാക്കിയില്ല എന്നാണ് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. എന്നാൽ തകർന്ന വീടിനുള്ളിൽ നിന്ന് നാലു പേരെ രക്ഷപ്പെടുത്താൻ സാധിച്ചത് വലിയ പ്രത്യാശയാണ് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സൈന്യം ജീവന്റെ തുടിപ്പ് തേടി വയനാട്ടിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കും എന്നാണ് വിവരം.

Related Articles

Back to top button