ന്യൂഡല്‍ഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ രജിസ്റ്ററുകള്‍ സുപ്രീം കോടതിക്ക് കൈമാറാത്തതിനെ സംബന്ധിച്ച് അന്വേഷണം വേണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി. കുമാര്‍. സുപ്രീം കോടതി ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും എന്തുകൊണ്ടാണ് രേഖകള്‍ ഹൈക്കോടതി രജിസ്ട്രി കൈമാറാത്തതെന്ന് അന്വേഷിക്കണമെന്നും കുമാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കുമാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ചെയ്തു.
കേസില്‍ നിര്‍ണ്ണായകമായ മാമോദിസ രജിസ്റ്റര്‍, സംസ്‌കാര രജിസ്റ്റര്‍, കുടുംബ രജിസ്റ്റര്‍ എന്നിവ സുപ്രീം കോടതിക്ക് കൈമാറിയില്ലെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനല്‍ കൈമാറാന്‍ ഹൈക്കോടതിയോട് നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രീം കോടതി രജിസ്ട്രി പുറത്തിറക്കിയ ഓഫീസ് ഓര്‍ഡറില്‍ എല്ലാ രേഖകളും ഹൈക്കോടതി കൈമാറിയിരുന്നെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
സുപ്രധാനമായ രേഖകള്‍ സുപ്രീം കോടതിക്ക് കൈമാറാത്തത് മനഃപൂര്‍വ്വം ആണോ എന്ന് സംശയിക്കുന്നതായി അഭിഭാഷകന്‍ അല്‍ജോ കെ. ജോസഫ് മുഖേന സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ ഡി. കുമാര്‍ ആരോപിച്ചിട്ടുണ്ട്. സുപ്രീം കോടതി അവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും ഹൈക്കോടതിയിലെ ഉദ്യോഗസ്ഥര്‍ അത് നിസ്സാരമായാണ് എടുത്തതെന്നും കുമാര്‍ ആരോപിച്ചു.