തിരുവനന്തപുരം: ദേശവിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദ ഹിന്ദു വിശദീകരണം ആയുധം ആക്കി വീണ്ടും കത്ത് അയക്കാന്‍ ഒരുങ്ങുകയാണ് രാജ്ഭവന്‍. പരാമര്‍ശം തെറ്റെങ്കില്‍ എന്ത് നടപടി എടുത്തു എന്ന് വിശദീകരിക്കണമെന്ന് കത്തില് ആവശ്യപ്പെടും. ഗവര്‍ണര്‍ നടപടി കൂടുതല്‍ കടുപ്പിച്ചാല്‍ വാര്‍ത്താസമ്മേളനം നടത്തി മറുപടി പറയാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വിശ്വാസ്യത നഷ്ടമായെന്ന ഗവര്‍ണ്ണരുടെ പരാമര്‍ശം രാഷ്ട്രീയ ലക്ഷ്യത്തോടെ എന്നാണ് സിപിഎം വിലയിരുത്തല്‍.
ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലെ പോരില്‍ കടുക്കുന്നത് അധികാരതര്‍ക്കം കൂടിയാണ്. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താനടക്കം ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ കാണിച്ചുതരാമെന്നാണ് ഗവര്‍ണ്ണറുടെ മറുപടി. രാജ് ഭവന്‍ അധികാരത്തില്‍ നിയമവിദഗ്ധര്‍ക്കുള്ളത് പല അഭിപ്രായങ്ങളാണ്. ഗവര്‍ണര്‍ ഭരണഘടന അനുഛേദം 167, കേരള റൂള്‍ ഓഫ് ബിസിനസ് ചട്ടം 166 എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരെ വിളിച്ചവരുത്താനും വിവരങ്ങള്‍ തേടാനും അധികാരമുണ്ടെന്ന് ഗവര്‍ണര്‍ സമര്‍ത്ഥിക്കുന്നത്. ഭരണഘടന അനുഛേദം 167 അനുസരിച്ച് ഭരണനിര്‍വഹണത്തെയും നിയമനിര്‍മാണത്തെയും സംബന്ധിക്കുന്ന വിവരങ്ങള്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോട് തേടാം. അതായത് ഗവര്‍ണറെ വിവരങ്ങള്‍ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിയാണ്. എന്നാല്‍ ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനോ, മുഖ്യമന്ത്രിയെ മറികടന്ന് വിവരങ്ങള്‍ തേടാനോ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നാണ് ഒരു വിഭാഗം നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കേരള റൂള്‍ ഓഫ് ബിസിനസ് ചട്ടം 166 മൂന്നും ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരമൊന്നും നല്‍കുന്നില്ലെന്നാണ് നിയമവിദ്ഗരുടെ അഭിപ്രായം. വിവരങ്ങള്‍ തേടി ഗവര്‍ണര്‍ക്ക് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെയോ നിയമസഭയുടെ അധികാരത്തിന് മുകളില്‍ അല്ല ഗവര്‍ണറുടെ അധികാരം എന്നാണ് അഭിപ്രായം ഉയരുന്നത്. എന്നാല്‍ മറുപക്ഷം ചൂണ്ടിക്കാട്ടുന്നത് ഭരണഘടന അനുച്ഛേദം 154 ആണ്. സംസ്ഥാന സര്‍ക്കാരിന്റെ പരമാധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനോ വിവരങ്ങള്‍ ആരായാനോ അതിനാല്‍ ഗവര്‍ണര്‍ക്ക് അധികാരം കല്‍പ്പിച്ചുള്ള മറ്റൊരു ചട്ടം ചൂണ്ടിക്കാട്ടേണ്ടതില്ലന്നാണ് ഇക്കൂട്ടരുടെ വാദം.
62 1 minute read