മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ വിവിധ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചെളിയില്‍ പുതഞ്ഞ് നില്‍ക്കുന്ന സഹോദരങ്ങളുടെ ഫ്രെയിം ചെയ്ത ഫോട്ടോയായിരുന്നു ദേശീയമാധ്യമങ്ങളില്‍ അടക്കം മുണ്ടെക്കൈ ഉരുള്‍പൊട്ടലിന്റേതായി വൈറലായത്. മലവെള്ളം ഈ സഹോദരങ്ങളേയും കവര്‍ന്നെടുത്തുവെന്ന നിലയിലാണ് ചിത്രം വൈറലായത്. എന്നാല്‍ ചിത്രത്തിലുള്ള മൂന്ന് സഹോദരങ്ങളും സുരക്ഷിതരാണ്.
സുജിഷ നിവാസില്‍ ധീരജിന്റേയും സഹോദരിമാരുടേയും ചിത്രമാണ് ഇത്തരത്തില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. എന്നാല്‍ ദുരന്തത്തില്‍ ധീരജും സഹോദരിമാരും സുരക്ഷിതരെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ധീരജും അമ്മ സുമിഷയും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാപിലാണുള്ളത്. ധീരജിന്റെ സഹോദരിയുടെ വിവാഹത്തിന് എടുത്ത ചിത്രമാണ് മലവെള്ളപ്പാച്ചിലില്‍ ചെളിയില്‍ പുതഞ്ഞ നിലയില്‍ ഇവരുടെ വീടിരുന്ന ഭാഗത്ത് കണ്ടെത്തിയത്. പ്രദേശത്ത് മലവെള്ളം കൊണ്ടുപോകാത്ത ചുരുക്കം ചില വീടുകളിലൊന്നാണ് ധീരജിന്റേത്. വീടിനകത്തുള്ളതെല്ലാം വെള്ളം കൊണ്ടുപോയി, പൂര്‍ണമായും ചെളിയും മണ്ണും കയറിയെങ്കിലും വീട് നശിച്ച് പോയിട്ടില്ല.
സുമിഷയുടെ മൂത്തമകള്‍ ഭര്‍തൃവീട്ടിലും ഇളയ മകള്‍ തിരുവനന്തപുരത്ത് പഠിക്കുകയുമാണ്. ഉരുള്‍പൊട്ടുന്ന വലിയ ശബ്ദം കേട്ട് ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ ധീരജിന്റെ ഫോണ്‍ നിലത്ത് വീണ് കേടായിരുന്നു. ഇതോടെ ഇവരും ദുരന്തത്തില്‍ ഉള്‍പ്പെട്ട് പോയോയെന്ന ആശങ്കയിലായിരുന്നു ബന്ധുക്കള്‍. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ഇവരുടെ വീട്ടില്‍ ചെളിയില്‍ പുതഞ്ഞ നിലയിലുള്ള ചിത്രം വൈറലായത്.
64 Less than a minute