കൊടകര കുഴൽപ്പണകേസിൽ ധർമരാജൻ പൊലീസിൽ പരാതി നൽകിയെന്ന് ഉറപ്പാക്കാൻ ബിജെപി നേതാവ് തൃശൂരിൽ വന്നതായി റിപ്പോർട്ട്. പണം നഷ്ടമായെന്ന് ധർമരാജൻ പരാതി നൽകിയിട്ടുണ്ടോ എന്നറിയാൻ ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷാണ് കൊടകര സ്റ്റേഷനിൽ എത്തിയത്. പരാതി കൊടുത്ത് പത്ത് ദിവസത്തിന് ശേഷമാണ് ബിജെപി നേതാവിന്റെ സ്റ്റേഷൻ സന്ദർശനം.
കവർച്ചയ്ക്ക് ശേഷം ധർമരാജൻ ബന്ധപ്പെട്ടത് ഏഴ് ബിജെപി നേതാക്കളെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കും വിളിച്ചതായാണ് റിപ്പോർട്ട്. പരാതിക്കാരൻ ധർമരാജൻ മറ്റ് ഇടപാടുകൾ നിലവിൽ പൊലീസ് അന്വേഷിച്ചുവരികയാണ്. സുൽത്താൻ ബത്തേരിയിലും പന്നിയങ്കരയിലും ധർമരാജന്റെ പേരിൽ കേസുകളുണ്ട്.