BREAKINGKERALA

നഗരത്തില്‍ വെള്ളമില്ല, തിരുവനന്തപുരം നഗരസഭയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകളുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. കുടിവെള്ള പ്രശ്‌നം എപ്പോള്‍ തീരുമെന്ന് അറിയാത്ത സാഹചര്യത്തിലാണ് അധികൃതരുടെ നീക്കം. എന്നാല്‍ ഓണപ്പരീക്ഷ അടുത്ത സാഹചര്യത്തില്‍ അവധി നല്‍കുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
നേരത്തെ, വെള്ള പ്രശ്‌നം വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അറിയിച്ചെങ്കിലും രാത്രിയായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. വീണ്ടും ഒന്നര മണിക്കൂര്‍ വേണമെന്നാണ് വി ശിവന്‍കുട്ടി പറയുന്നത്. അതേ സമയം, പൈപ്പ് മാറ്റിയിടല്‍ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം കന്യാകുമാരി റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈന്‍ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്. നാല്‍പ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. തിരുവനന്തപുരം നഗരസഭയിലെ നാല്‍പ്പത്തിനാല് വാര്‍ഡുകളില്‍ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയില്ല. കനത്ത പ്രതിഷേധങ്ങള്‍ക്കിടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാല്‍വിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെ അനിശ്ചിതത്വം കനത്തു.
ടാങ്കറില്‍ വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനം പലയിടങ്ങളിലും വെറുംവാക്കായി. വെള്ളമില്ലാതെ വീടുപേക്ഷിച്ച് പോകേണ്ട ഗതികേടിലേക്ക് വരെ നാട്ടുകാരെത്തി. ജനപ്രതിനിധികളടക്കം പ്രതിഷേധമുയര്‍ത്തി. മണിക്കൂറുകളെടുത്താണ് ചോര്‍ച്ചയുള്ള വാല്‍വില്‍ അറ്റകുറ്റപ്പണി നടത്തിയത്. പൈപ്പ് മാറ്റിയിടുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വേണം പമ്പിംഗ് തുടങ്ങാന്‍. ആദ്യ മണിക്കൂറില്‍ പൈപ്പ് ലൈന്‍ വൃത്തിയാക്കും. പിന്നീട് വേണം കുടിവെള്ളം എത്തിക്കാന്‍. നഗരത്തിലെ കുടിവെള്ള പ്രതിസന്ധി പൂര്‍ണ്ണമായും പരിഹരിക്കാന്‍ ഇനിയും മണിക്കൂറുകളെടുക്കും.

***

Related Articles

Back to top button