KERALABREAKING NEWS

നടക്കുന്നത് കള്ളപ്രചാരണം, ജനാധിപത്യം പഠിപ്പിക്കേണ്ടെന്നും സച്ചിന്‍ ദേവ്; സംഘപരിവാര്‍ പതിപ്പാകാകരുതെന്ന് എഐഎസ്എഫ്

തിരുവനന്തപുരം: എംജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് എസ്എഫ്‌ഐയും എഐഎസ്എഫും . തങ്ങള്‍ക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും ജനാധിപത്യം പഠിപ്പിക്കേണ്ടെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞപ്പോള്‍ കടുത്ത ഭാഷയില്‍ എസ്എഫ്‌ഐയെ വിമര്‍ശിച്ച് എഐഎസ്എഫ് നേതാവ് ശുഭേഷ് സുധാകരനും രംഗത്തെത്തി.
എഐഎസ്എഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് സച്ചിന്‍ ദേവ് എംഎല്‍എ ആരോപിച്ചു. സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വലിയ പിന്തുണയോടെ ജയിച്ചു. എഐഎസ്എഫിന് സ്വതന്ത്രര്‍ക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ല. എസ്എഫ്‌ഐക്കാരെന്ന വ്യാജേന എഐഎസ്എഫ് തിരിച്ചറിയല്‍ കാര്‍ഡുകളിറക്കി. സെനറ്റില്‍ സീറ്റ് കിട്ടാത്തതിന്റെ ജാള്യത മറക്കാനുള്ള ആരോപണമാണ് എഐഎസ്എഫിന്റേത്. ഇത് ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ രീതിയല്ല. എസ്എഫ്‌ഐക്കെതിരെ കള്ളപ്രചാരണം നടത്തുന്നു. സംഘര്‍ഷങ്ങളെ ന്യായീകരിക്കില്ല. ജയിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എസ്എഫ്‌ഐ എന്തിന് പ്രകോപനമുണ്ടാക്കണം? പ്രവര്‍ത്തകരുടെ മോശമായ പെരുമാറ്റം പരിശോധിക്കാന്‍ തയ്യാറാണ്. പ്രചരിക്കുന്ന വീഡിയോയില്‍ എസ്എഫ്‌ഐക്ക് പങ്കുണ്ടെങ്കില്‍ അന്വേഷിക്കാം. സ്ഥലത്തില്ലാതിരുന്നയാളെ കുറിച്ച് എഐഎസ്എഫ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു.
ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് എഐഎസ്എഫ് മൊഴി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം നിഷ്പക്ഷമായും സ്വതന്ത്രമായും അന്വേഷിക്കണം. പിശക് ആര്‍ക്കും ചൂണ്ടിക്കാട്ടാം. ചില പ്രവര്‍ത്തകരെ മാത്രം കേട്ടാണ് എഐഎസ്എഫ് മുന്നോട്ട് പോകുന്നത്. എസ്എഫ്‌ഐയെ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെടുത്തും. എഐഎസ്എഫ് ജനാധിപത്യം പഠിപ്പിക്കാന്‍ വരേണ്ട. അടിയന്തിരാവസ്ഥ കാലത്ത് സ്വീകരിച്ച നിലപാട് വ്യക്തമാക്കണം. ജനാധിപത്യ ധ്വംസനം നടത്തിയതാരെന്ന് ചരിത്രം അറിയുന്ന ആര്‍ക്കുമറിയാം. കേരള സര്‍വകലാശാല സെനറ്റില്‍ എഐഎസ്എഫിനെ നിലനിര്‍ത്തിയത് എസ്എഫ്‌ഐ വോട്ട് കൊടുത്താണ്. അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി എസ്എഫ്‌ഐയെ തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എഐഎസ്എഫിനെതിരെ നടത്തിയ ആക്രമണം അപലപനീയമാണെന്നായിരുന്നു ശുഭേഷിന്റെ പ്രതികരണം. പശ്ചിമ ബംഗാളില്‍ എസ്എഫ്‌ഐക്ക് നേരിട്ട വംശനാശം എഐഎസ്എഫിനുണ്ടായിട്ടില്ല. സംഘപരിവാരത്തിന്റെ മറ്റൊരു പതിപ്പായി എസ്എഫ്‌ഐ മാറരുത്. സംഘപരിവാറിനെതിരെ പുരപ്പുറ പ്രസംഗം നടത്തുന്നവരാണ് എഐഎസ്എഫിനെ ആക്രമിക്കുന്നത്. സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയല്ല ഫാസിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയായി മാറിയെന്നും എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായ ശുഭേഷ് സുധാകരന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker