ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. ഉദ്ധവ് താക്കറെയെ പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഉദ്ധവിന് ഒപ്പംതന്നെയാണെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി.
ഒരുമിച്ച് നില്‍ക്കുമെന്നും പാര്‍ട്ടി മഹാ വികാസ് സഖ്യത്തിനൊപ്പമാണെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും വ്യക്തമാക്കി. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മഹാരാഷ്ട്രയില്‍ മഹാവികാസ് സഖ്യം നടത്തിവരുന്നത്. അതെല്ലാം തടസ്സപ്പടുത്താനാണ് ബി.ജെ.പി ശ്രമമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞു.
ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തി. ഇന്ന് പണവും സ്വാധീനവും മാഫിയാ ബന്ധവും ഉപയോഗിച്ച് നിങ്ങള്‍ അധികാരം പിടിച്ചടക്കുന്നു. ഒരു ദിവസം അതിന് അവസാനം വരുമെന്നും പാര്‍ട്ടി തകരുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. മഹാരാഷ്ട്രയിലെ ബി.ജെ.പി നിലപാട് അങ്ങേയറ്റം തെറ്റാണ് ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.