BREAKINGENTERTAINMENTKERALA

നടന്‍ ജയസൂര്യ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതി; അന്വേഷണം തുടങ്ങി, നടിയെ വിളിച്ചുവരുത്തി തെളിവെടുക്കും

ഇടുക്കി: നടന്‍ ജയസൂര്യ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി പൊലീസ്. തൊടുപുഴ പൊലീസ് ആണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാ?ഗമായി നടിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം, നടിയെ വിളിച്ചുവരുത്തി പൊലീസ് തെളിവെടുപ്പ് നടത്തും. 2013 ല്‍ സിനിമ ചിത്രീകരണത്തിനിടെയാണ് സംഭവം. പരാതിയില്‍ കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ദുരനുഭവം പറഞ്ഞ് നടിമാര്‍ രംഗത്തെത്തിയത്. തിരുവനന്തപുരം സ്വദേശിയായ നടി 2013 ല്‍ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ദുരനുഭവം നേരത്തെ തുറന്ന് പറഞ്ഞിരുന്നു. മേക്കപ്പ് ചെയ്ത് ടോയലറ്റില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെ യുവ നടന്‍ പിന്നില്‍ നിന്ന് കടന്ന് പിടിച്ചെന്നാണ് പരാതി. ആദ്യം നടന്റെ പേര് വെളിപ്പെടുത്താതിരുന്ന നടി പിന്നീട് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പേര് വെളിപ്പെടുത്തി. മാധ്യമങ്ങള്‍ക്ക് മുന്നിലും ജയസൂര്യയാണ് തന്നോട് ലൈംഗിക അതിക്രമം നടത്തിയതെന്ന് നടി വെളിപ്പെടുത്തുകയായിരുന്നു.
നടിയുടെ പരാതിയില്‍ കരമന പൊലീസ് കേസെടുത്തു. കുറ്റകൃത്യം നടന്നത് തൊടുപുഴ ആയതിനാലാണ് കേസ് തൊടുപുഴയിലേക്ക് കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്.
നേരത്തെ കൊച്ചി സ്വദേശിനിയായ മറ്റൊരു നടിയുടെ പരാതിയിലും തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസും ലൈംഗിക അതിക്രമത്തിന് ജയസൂര്യയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിനിയായ നടിയുടെ പരാതി. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളില്‍ രജിസ്റ്റര്‍ ചെയ്തതും ജയസൂര്യക്കെതിരായ കേസാണ്. ജയസൂര്യക്ക് പുറമേ മുകേഷ് എംഎല്‍എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവര്‍ക്കെതിരെയും നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button