BREAKINGENTERTAINMENTKERALA

നടന്‍ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

ഇടുക്കി: നടന്‍ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പൊലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വെച്ചും റിസോര്‍ട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തിരുന്നു. ബാബുരാജിന്റെ ഇരുട്ടുകാനത്തുളള റിസോര്‍ട്ടില്‍ വച്ചും ആലുവയിലെ വീട്ടില്‍ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് യുവതി ഇ-മെയില്‍ വഴി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. യുവതിയില്‍ നിന്ന് ഫോണ്‍ വഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി ബാബുരാജിന്റെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയായിരുന്നു.
അതിനിടെ നടന്‍ ബാബുരാജിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനം ആരോപണം മറച്ച് വെച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എസ് പി ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിയെത്തി. പരാതിക്കാരിയുടെ വെളിപ്പെടുത്തലില്‍ വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരന്‍ കുറ്റം മറച്ച് വെച്ചെന്നാണ് കൊച്ചിയിലെ അഭിഭാഷകനായ അഡ്വ. ബൈജു നോയലിന്റെ പരാതി. 2019 ല്‍ നടന്ന കുറ്റകൃത്യം വര്‍ഷങ്ങള്‍ക്ക് ശേഷം 2023ല്‍ കൊച്ചി ഡിസിപി ആയിരുന്ന ശശിധരനോട് പറഞ്ഞിരുന്നതായാണ് യുവതി വ്യക്തമാക്കുന്നത്. പരാതിയെ പറ്റി തനിക്കറിയാമായിരുന്നുവെന്ന് ഇപ്പോള്‍ മലപ്പുറം എസ്പി ആയ ശശിധരനും സമ്മതിച്ചിരുന്നു. കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കുന്നതില്‍ വീഴ്ച സംഭവിച്ചതില്‍ ക്രിമിനല്‍ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് യുവതി നേരത്തെ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതാണ് കാര്യങ്ങള്‍ തുറന്ന് പറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് യുവതി പറഞ്ഞത്.

Related Articles

Back to top button