BREAKING NEWSBOLLYWOODENTERTAINMENT

നടപടിക്രമങ്ങള്‍ വൈകി, ആര്യന്റെ മോചനം നാളെ

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് നടി ജൂഹി ചൗള ആള്‍ ജാമ്യം നില്‍ക്കും. ഇന്ന് വൈകിട്ട് തന്നെ ആര്യന്‍ ജയില്‍ മോചിതനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങള്‍ വൈകുന്നതിനാല്‍ നാളെയായിരിക്കും മോചനം.
കര്‍ശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി താരപുത്രന് ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ല എന്നിങ്ങനെ 14 കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഉള്ളത്.
കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. ഇതോടൊപ്പം ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥകള്‍. ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയെ സമീപിക്കാം.
23കാരനായ ആര്യന്‍ ഖാന്‍ ഒക്ടോബര്‍ മൂന്നിനാണ് ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡില്‍ കസ്റ്റഡിയിലായത്. 22 ദിവസമായി ആര്യന്‍ ആര്‍തര്‍ റോഡ് ജയിലിലാണ്. ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബാസ് മാര്‍ച്ചന്റിനും ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അര്‍ബാസ് മര്‍ച്ചന്റിനെ അച്ഛന്‍ അസ്ലം മര്‍ച്ചന്റ് ജയിലിലെത്തി കണ്ടു.
ആര്യന്‍ ഖാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയാണ് ഹൈക്കോടതിയില്‍ ഹാജരായത്. ആര്യനില്‍ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker