BREAKINGKERALA
Trending

നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരെ കേസെടുത്തു, ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി

തിരുവനന്തപുരം: നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡി ഐ ജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുത്തത്.
ലൈംഗികാതിക്രമം നേരിട്ടെന്ന നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരെ കേസെടുത്തതിന് പിന്നാലെ മുകേഷ്, ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവരടക്കമുള്ളവക്കെതിരെയും പൊലീസ് ഇന്ന് കേസെടുത്തേക്കും. ഇവര്‍ക്കെതിരെ പരാതി ഉന്നയിച്ച നടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയെടുത്ത ശേഷമാണ് കേസെടുക്കാന്‍ നീക്കം നടക്കുന്നത്. സംഭവം നടന്ന അതത് പൊലീസ് സ്റ്റേഷനുകളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. ഇന്ന് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. മുകേഷ് എം എല്‍ എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, ജയസൂര്യ, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പരാതികള്‍. ഇതില്‍ ജയസൂര്യക്കെതിരായ പരാതിയില്‍ മാത്രമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
മുകേഷിനെതിരെ പാലക്കാടും മണിയന്‍ പിള്ള രാജു, ഇടവേള ബാബു അടക്കമുള്ളവര്‍ക്കെതിരെ കൊച്ചിയിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത. ആരോപണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്നിട്ടുളളതും ഗൗരവമേറിയതുമായതിനാല്‍ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കേണ്ട ദൗത്യമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. നടിയുടെ പക്കലുള്ള തെളിവുകളും അന്വേഷണത്തില്‍ നിര്‍ണായകമാകും.

Related Articles

Back to top button