BREAKING NEWSKERALA

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തായ ‘വിഐപി’ അറസ്റ്റില്‍, ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കൈവശം വെച്ചതിനാണ് അറസ്റ്റ്. തുടരാന്വേഷണത്തിന്റെ ഭാഗമായാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമൃത്തില്‍ വിട്ടു.
ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടല്‍സ് ഉടമയുമാണ് ശരത്. ദിലീപ് കേസില്‍ അറസ്റ്റിലാകുമ്പോള്‍ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന വ്യക്തിയാണ്. കേസുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിച്ചതിനാണ് ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ശരത് ദിലീപിന്റെ വീട്ടില്‍ എത്തിച്ചുവെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് ദിലീപും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് പരിശോധിച്ചു എന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അതോടൊപ്പം തന്നെ അഭിഭാഷകര്‍ ദൃശ്യങ്ങള്‍ പലതവണ കണ്ടിട്ടുള്ളതായുള്ള ശബ്ദരേഖകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ശരത് ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി എന്നും പിന്നീട് ദൃശ്യങ്ങള്‍ നശിപ്പിച്ചു എന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. തെളിവ് നശിപ്പിച്ച കുറ്റം ചുമത്തിയാണ് ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ദിലീപിന്റെ വീട്ടില്‍ എത്തിയ ‘വിഐപി’ എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ശരത്. വധഗൂഢാലോചന കേസിലും ശരത് ദിലീപിനൊപ്പം കൂട്ടുപ്രതിയാണ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളില്‍ യാഥാര്‍ഥ്യമൊന്നുമില്ലെന്ന് നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് ജി.നായര്‍. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശരത്തിനെ ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ തള്ളി ശരത് രംഗത്തെത്തിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഒന്നും തനിക്കു കിട്ടിയിട്ടില്ലെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയ ശരത്തിന്റെ അറസ്റ്റ് രാത്രി എട്ടു മണിയോടെയാണ് രേഖപ്പെടുത്തിയത്.
‘ഈ കേസില്‍ ഞാന്‍ നിരപരാധിയാണെന്ന വിവരം അന്വേഷണ സംഘത്തെ കൃത്യമായി അറിയിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ പറയുന്നതെല്ലാം ഞാന്‍ അംഗീകരിക്കണമെന്ന് ഇല്ലല്ലോ. എന്റെ ഭാഗം ഞാന്‍ കൃത്യമായി അവരെ അറിയിച്ചിട്ടുണ്ട്. പൊലീസുകാര്‍ വളരെ മാന്യമായാണ് എന്നോടു പെരുമാറിയത്.’ – ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെ ശരത് പ്രതികരിച്ചു.
‘തെളിവു നശിപ്പിച്ചു എന്നു പറയാന്‍ ഈ പറയുന്ന ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല. ഞാനത് കണ്ടിട്ടുമില്ല. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നെ ‘ഇക്കാ’ എന്നാണ് വിളിക്കുന്നത് എന്നെല്ലാം ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. അത് ശരിയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല. കൂടുതലൊന്നും പറയാനില്ല’ – ശരത് വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker