BREAKINGKERALA
Trending

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടിസ്ഥാനമില്ലാത്ത ബദല്‍ കഥകള്‍ മെനയുന്നുവെന്ന് കേരളം സുപ്രിംകോടതിയില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. നടിയെ ആക്രമിച്ച കേസില്‍ അടിസ്ഥാന രഹിതമായ ബദല്‍ കഥകള്‍ മെനയാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയില്‍ ആരോപിച്ചു. വിചാരണ കോടതിയില്‍ പ്രോസിക്യുഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേരളം ആരോപിച്ചു.
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ദിലീപിന് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ 6 പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു എന്നും സത്യവാങ്മൂലത്തിലുണ്ട്. പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചാല്‍ വിചാരണ നടപടികള്‍ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കും. വിചാരണ അട്ടിമറിക്കുന്നതിനായി ആക്രമണ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ സാധ്യത ഉണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
പള്‍സര്‍ സുനി രാജ്യം വിടാന്‍ സാധ്യത കാണുന്നുമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. കേസിന്റെ വാദം പൂര്‍ത്തിയായിട്ടുണ്ട്. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ വിസ്താരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂര്‍ത്തീകരിച്ചു. ആകെ 261 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. നവംബറില്‍ കേസില്‍ വിധിയുണ്ടായേക്കും.
2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2020 ജനുവരി 30 നാണ് വിചാരണ ആരംഭിച്ചത്. അന്ന് മുതല്‍ നാലര വര്‍ഷം നീണ്ട സാക്ഷി വിസ്താരമാണ് ഇന്ന് പൂര്‍ത്തീകരിച്ചത്. ആകെ 261 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 1,600 രേഖകള്‍ കേസില്‍ കൈമാറി. നൂറു ദിവസത്തോളം നീണ്ടു നിന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ വിസ്താരവും കഴിഞ്ഞതോടെയാണ് വാദം പൂര്‍ത്തിയായത്.

Related Articles

Back to top button